കരുവാരക്കുണ്ട്: ജില്ലയിലെ പ്രധാന ജലസ്രോതസ്സായ കടലുണ്ടിപ്പുഴയുടെ കൈവഴികൂടിയായ ഒലിപ്പുഴയുടെ വീണ്ടെടുപ്പിനായി കൂട്ടായ്മ.
ഒലിപ്പുഴയുടെ പുനരുദ്ധാരണം ലക്ഷ്യംവെച്ച് സംസ്ഥാന സര്‍ക്കാരിന്റെ ഹരിതകേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി പഞ്ചായത്ത്, ജില്ലാ ഭരണകൂടം,സന്നദ്ധ സംഘടനകള്‍ എന്നിവയുടെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്.
ഏകദേശം 20 വര്‍ഷങ്ങള്‍ക്ക് 25 മുതല്‍ 40 മീറ്റര്‍ വീതിയില്‍ എല്ലാ കാലത്തും ഒഴുകിയിരുന്ന ഒലിപ്പുഴ ഇന്ന് ഏഴ് മുതല്‍ 15 മീറ്റര്‍ വരെ വീതി കുറഞ്ഞ് നീരൊഴുക്ക് നിലച്ചിരിക്കുകയാണ്.
അനവധി കുടിവെള്ള പദ്ധതികള്‍ ഉള്‍പ്പെടെ ഒരു വലിയ ജനസമൂഹത്തിന്റെ ജലസ്രോതസ്സായി ഈ പുഴ നില നില്‍ക്കേണ്ടതുണ്ട്. പദ്ധതിയുടെ ഭാഗമായി ഒലിപ്പുഴയുടെ ഉല്‍ഭവം മുതല്‍ പഞ്ചായത്തിലൂടെ ഒഴുകുന്ന ഒമ്പത് കി.മീറ്റര്‍ ദൂരം പുഴയുടെ പുറമ്പോക്ക് അളന്ന് തിട്ടപ്പെടുത്തും. 25 മീറ്റര്‍ വീതി കൂട്ടി വൃത്തിയാക്കി പുഴയുടെ സ്വഭാവിക ഒഴുക്ക് ഉറപ്പാക്കും.
പൊതുജനങ്ങള്‍ കുളിക്കാനും മറ്റും ഉപയോഗിക്കുന്ന സ്ഥലങ്ങളില്‍ പൊതു ശൗചാലയങ്ങള്‍ നിര്‍മ്മിക്കുക, പുഴയുടെ ഇരുകരകളിലും വ്യാപകമായി ഫലവൃക്ഷ തൈകള്‍ പിടിപ്പിച്ച് പരിപാലിക്കുന്നതിന് സംവിധാനങ്ങള്‍ ഒരുക്കുക, ഇരു കരകളിലുമുള്ള പുറമ്പോക്ക് ഭൂമിയില്‍ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി നെല്‍കൃഷി, പച്ചക്കറി കൃഷി, നീന്തല്‍കുളങ്ങള്‍, ജൈവ വൈവിധ്യ പാര്‍ക്കുകള്‍, കളി സ്ഥലങ്ങള്‍ എന്നിവ ഒരുക്കുക, പുഴയുടെ സംരക്ഷണത്തിന് ജനകീയ സമിതികള്‍ രൂപീകരിക്കുക എന്നീ പ്രവര്‍ത്തനങ്ങളാണ് കൂട്ടായ്മ ലക്ഷ്യം. യോഗത്തില്‍ ജില്ലാ കലക്ടര്‍ അമിത് മീണ അധ്യക്ഷനായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: