തിരുവനന്തപുരം: ചാരക്കേസില്‍ പുതിയ വെളിപ്പെടുത്തലുമായി മുന്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ സിബി മാത്യൂസ്. കേസില്‍ മുന്‍ ഡിജിപി രമണ്‍ ശ്രീവാസ്തവയുടെ അറസ്റ്റ് തടഞ്ഞത് താന്‍ ഇടപെട്ടാണെന്ന് നിര്‍ഭയം എന്ന പേരുള്ള ആത്മകഥയില്‍ സിബി മാത്യൂസ് പറയുന്നു.
മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരന്റെ വിശ്വസ്തനും അന്ന് ഐജിയുമായിരുന്ന രമണ്‍ ശ്രീവാസ്തവ സംശയത്തിന്റെ നിഴലിലായ കാലത്ത് അറസ്റ്റ് ചെയ്യാന്‍ ഇന്റലിജന്‍സ് ബ്യൂറോയിലെ ഉദ്യോഗസ്ഥര്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നതായി സിബി മാത്യൂസ് പറയുന്നു. ഉടന്‍ ശ്രീവാസ്തവയെ അറസ്റ്റ് ചെയ്യണമെന്നും അവര്‍ ആവശ്യപ്പെട്ടു. ചാരക്കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട മറിയം റഷീദ അടക്കമുള്ളവരുമായി മദ്രാസിലെ ഹോട്ടലില്‍വെച്ച് നടന്നുവെന്ന് പറയുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുത്തുവെന്ന് വിവരം ലഭിച്ച ബ്രിഗേഡിയര്‍ ശ്രീവാസ്തവ എന്നയാള്‍ രമണ്‍ ശ്രീവാസ്തവ എന്നാണ് ഐബി വിശ്വസിച്ചിരുന്നത്.
ഇതിന്റെ അടിസ്ഥാനത്തിലാണ് ശ്രീവാസ്തവയെ അറസ്റ്റ് ചെയ്യാന്‍ ഐബി ആവശ്യപ്പെട്ടത്. ഇക്കാര്യത്തില്‍ തെളിവ് ഉണ്ടായിരുന്നില്ല. ശ്രീവാസ്തവ നിരപരാധിയാണെന്ന് വിശ്വസിക്കുന്നു. പക്ഷെ തന്റെ അന്വേഷണം ശ്രീവാസ്തവക്കെതിരാണെന്ന് അദ്ദേഹം ഉള്‍പ്പെടെ പൊലീസിലെ പലരും കരുതി. ആത്മകഥയില്‍ സിബി മാത്യൂസ് പറയുന്നു.
അടുത്തയാഴ്ച പുറത്തിറങ്ങുന്ന ആത്മകഥയില്‍ ഇപ്പോഴത്തെ ഡിജിപി സെന്‍കുമാറിനെതിരെയും വിമര്‍ശനമുണ്ട്. നായനാരുടെ നിര്‍ദ്ദേശപ്രകാരം ചാരക്കേസ് പുനരന്വേഷിക്കാന്‍ നിയോഗിക്കപ്പെട്ട സെന്‍കുമാര്‍ ഒരന്വേഷണവും നടത്തിയില്ലന്ന് ആത്മകഥയില്‍ പറയുന്നു.
‘എ ഗ്രൂപ്പിന് അധികാരം നേടാന്‍ ബിഷപ്പുമാരുടെ ഗൂഢാലോചനയില്‍ ഉണ്ടായതാണ് ചാരക്കേസ് എന്ന് സമൂഹത്തില്‍ കുറേപ്പേരെങ്കിലും ഇന്നും വിശ്വസിക്കുന്നുണ്ടെന്നും സിബി മാത്യൂസ് പുസ്തകത്തില്‍ പറയുന്നുണ്ട്.
















