ആക്രമണം നടന്ന ബാണാപുരം ത്രിപുരസുന്ദരി ക്ഷേത്രം മുസ്ലീം ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. കെ. എന്‍. എ. ഖാദറും സംഘവും സന്ദര്‍ശിച്ചപ്പോള്‍(ഫയല്‍ ചിത്രം)
മലപ്പുറം: അഞ്ചുമാസത്തിനിടെ മൂന്ന് ക്ഷേത്രങ്ങള്‍ മലപ്പുറം ജില്ലയില്‍ ആക്രമിക്കപ്പെട്ടു. അക്രമം നടത്തിയ ഒരാളെ പിടികൂടാന്‍ സാധിച്ചെങ്കിലും ആക്രമണങ്ങളുടെ ലക്ഷ്യം എന്താണെന്ന് കണ്ടെത്താന്‍ പോലീസിന് കഴിഞ്ഞിട്ടില്ല.
ജനുവരി 20ന് വാണിയമ്പലം ബാണാപുരം തൃപുരസുന്ദരി ക്ഷേത്രത്തിന് നേരെയാണ് ആദ്യ ആക്രമണം. 126 ദിവസത്തിന് ശേഷം മെയ് 26ന് പൂക്കോട്ടുംപാടം വില്ല്വത്ത് ശിവക്ഷേത്രത്തിന് നേരെയും ജൂണ്‍ ഒന്നിന് തെന്നല പഞ്ചായത്തിലെ മൂച്ചിതറ അയ്യപ്പന്‍കാവിന് നേരെയും ആക്രമണമുണ്ടായി. മൂന്നിടത്തെയും വിഗ്രഹങ്ങളാണ് തകര്‍ത്തിരിക്കുന്നത്. മോഷണശ്രമത്തിന്റെ ഭാഗമായുള്ള ആക്രമണമല്ലെന്ന് ഇതില്‍ നിന്ന് വ്യക്തം. വാണിയമ്പലം, പൂക്കോട്ടുംപാടം ക്ഷേത്രങ്ങള്‍ ആക്രമിച്ച കേസില്‍ തിരുവനന്തപുരം കിളിമാനൂര്‍ സ്വദേശി എസ്.എസ്.മോഹനകുമാറിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
ആരാധാനാലയങ്ങള്‍ക്ക് നേരെ ആക്രമണം നടത്തി സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള ചിലരുടെ ശ്രമമാണ് പിന്നിലെന്നാണ് ആരോപണം. ജാതിമത രാഷ്‌ട്രീയ ഭേദമന്യേ ജനങ്ങള്‍ ഒറ്റക്കെട്ടായി രംഗത്ത് വന്നിട്ടും പോലീസ് മൗനം പാലിക്കുകയാണ്. മനപൂര്‍വ്വം കലാപം സൃഷ്ടിക്കാനുള്ള ഇത്തരം ശ്രമങ്ങള്‍ ഇനിയുമുണ്ടാകുമോയെന്ന ഭയത്തിലാണ് ജനങ്ങള്‍.
അന്വേഷണം ഊര്‍ജ്ജിതമായി നടക്കുന്നുണ്ടെന്നാണ് പോലീസ് നല്‍കുന്ന വിശദീകരണം. ജില്ലയുടെ തീരദേശങ്ങള്‍ കേന്ദ്രീകരിച്ച് ഭീകരസംഘടനകളുടെ പ്രവര്‍ത്തനം നടക്കുന്നതായി നേരത്തെ കേന്ദ്ര ഇന്റലിജന്‍സ് മുന്നറിയിപ്പ് നല്‍കിയിരുന്നു.
മലപ്പുറം കളക്ട്രേറ്റ് വളപ്പില്‍ 2016 നവംബര്‍ ഒന്നിന് നടന്ന സ്‌ഫോടനം ഈ റിപ്പോര്‍ട്ടിനെ ബലപ്പെടുത്തുന്നു. ആരാധനാലയങ്ങളെ ഭീകരസംഘടനകള്‍ ലക്ഷ്യമിട്ടിട്ടുണ്ടോയെന്ന രീതിയിലുള്ള അന്വേഷണവും നടക്കേണ്ടതുണ്ട്. ക്ഷേത്രങ്ങള്‍ ആക്രമിക്കപ്പെട്ടതിന് പിന്നാലെ സമൂഹമാധ്യമങ്ങള്‍ പ്രകോപനപരമായി പോസ്റ്റിട്ടവര്‍ക്കെതിരെയും നടപടിയെടുക്കുമെന്ന് ജില്ലാ പോലീസ് മേധാവി ദേബേഷ്‌കുമാര്‍ ബെഹ്‌റ പറഞ്ഞു.
















