മലപ്പുറം പുന്നത്തല ശ്രീലക്ഷ്മി നരസിംഹമൂര്‍ത്തി വിഷ്ണു ക്ഷേത്രത്തിന്റെ ആഭിമുഖ്യത്തില്‍ നടന്ന ഇഫ്താര്‍ വിരുന്ന്
മലപ്പുറം: പുനപ്രതിഷ്ഠയുടെ ഭാഗമായി ഇഫ്താര്‍ വിരുന്നൊരുക്കി മതസൗഹാര്‍ദ്ദത്തിന് ശക്തി പകര്‍ന്നിരിക്കുകയാണ് മലപ്പുറത്തെ പുന്നത്തല ശ്രീലക്ഷ്മി നരസിംഹമൂര്‍ത്തി വിഷ്ണു ക്ഷേത്രം.
400ലേറെ വരുന്ന മുസ്ലീങ്ങള്‍ക്ക് ഇഫ്താര്‍ വിരുന്നൊരുക്കിയാണ് ക്ഷേത്രം ഭാരവാഹികളും നാട്ടുകാരും മാതൃകയായത്. ചടങ്ങില്‍ മുസ്ലീങ്ങള്‍ക്കൊപ്പം 100ഓളം ഇതരമതസ്ഥരും പങ്കെടുത്തു. മെയ് 29 മുതല്‍ ജൂലായ് 24 വരെയാണ് ഇവിടെ പുനപ്രതിഷ്ഠാ ചടങ്ങുകള്‍ നടക്കുന്നത്.
ഇഫ്താറിന് തുടങ്ങിയതല്ല ഇവിടുത്തെ മനുഷ്യ സ്‌നേഹവും മതസൗഹാര്‍ദവും. ക്ഷേത്ര പുനപ്രതിഷ്ഠയ്‌ക്ക് വേണ്ടി ജാതിമത ഭേദമെന്യേ എല്ലാവരും സഹകരിക്കുന്നുണ്ട്. പുണ്യ റംസാന്‍ മാസത്തില്‍ തങ്ങളുടെ സഹോദരങ്ങള്‍ക്ക് ഒരു നേരത്തെ ഭക്ഷണം നല്‍കാന്‍ ക്ഷേത്രകമ്മറ്റിയും ഭക്തജനങ്ങളും ഐകകണ്‌ഠേന തീരുമാനിക്കുകയായിരുന്നു. ക്ഷേത്രത്തിന് സമീപത്തുള്ള മമ്മു മാസ്റ്ററുടെ വീട്ടിലാണ് ഇഫ്താര്‍ വിരുന്ന് ഒരുക്കിയത്.
‘മതസൗഹാര്‍ദത്തിന്റെ അന്തരീക്ഷത്തിലാണ് ഞങ്ങള്‍ വളര്‍ന്നത്. മതത്തേക്കാള്‍ ഉപരി മാനവ സ്‌നേഹത്തിനാണ് ഞങ്ങള്‍ പ്രാധാന്യം നല്‍കുന്നത്. എല്ലാവര്‍ക്കും അവരുടെ മതത്തിലോ ജാതിയിലോ വിശ്വസിക്കാനുള്ള അവകാശമുണ്ട്. എന്നാല്‍ അതിനര്‍ത്ഥം മറ്റ് മതസ്ഥരുമായി സൗഹൃദം പാടില്ലെന്നല്ല. മറ്റുള്ള മതത്തില്‍ നിന്നുള്ളവരെ സ്വീകരിക്കാനുള്ള മനസ് നമുക്കുണ്ടാവണം’. ക്ഷേത്രകമ്മിറ്റി സെക്രട്ടറി പി.ടി. മോഹനന്‍ പറഞ്ഞു.
















