തളിപ്പറമ്പ് (കണ്ണൂര്‍): തളിപ്പറമ്പ് മൊറാഴയില്‍ ഇരുപത് ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടിച്ചെയുത്തു. മൊറാഴപുതിയപുരയില്‍ ഷാനവാസിന്റെ (26) വീട്ടില്‍ നിന്നാണ് പണം കണ്ടെത്തിയത്.
തളിപ്പറമ്പ് പ്രിന്‍സിപ്പല്‍ എസ്‌ഐ പി.എ.ബിനുമോഹന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ഷാനവാസിന്റെ വീടിന്റെ ബെഡ്‌റൂമിലെ കട്ടിലിനടിയില്‍ സൂക്ഷിച്ച പണം കണ്ടെത്തിയത്. ഇന്നലെ പുലര്‍ച്ചെ ഒന്നരയോടെയണ് റെയ്ഡ് നടന്നത്. 2000 രൂപയുടെ ഏഴ് കെട്ടും 500 രൂപയുടെ 12 കെട്ടുമായാണ് പണം സൂക്ഷിച്ചിരുന്നത്.
കഴിഞ്ഞ ദിവസം കണ്ണൂര്‍ ജില്ലയുടെ വിവിധ ഭാഗങ്ങില്‍ പോലീസ് കുഴല്‍പ്പണത്തിനായി വ്യാപകമായ പരിശോധന നടത്തിയിരുന്നു. ഇതിന്റെ തുടര്‍ച്ചയായി നടന്ന പരിശോധനയിലാണ് മൊറാഴയില്‍ നിന്ന് 20 ലക്ഷം രൂപയുടെ കുഴല്‍പ്പണം പിടികൂടിയത്. ഗള്‍ഫില്‍ ജോലി ചെയ്യുന്ന ഷാനവാസ് ഒരു വര്‍ഷം മുമ്പാണ് മൊറാഴയില്‍ താമസമാക്കിയത്. ഗള്‍ഫില്‍ ഹവാല പണമിടപാട് നടത്തിയിരുന്ന ഷാനവാസ് നാട്ടിലെത്തിയതിന് ശേഷമുള്ള രണ്ടാമത്തെ പണമിടപാടാണ് ഇതെന്ന് പോലീസിനോട് പറഞ്ഞു. മലപ്പുറത്തു നിന്നാണ് പണമെത്തിയതെന്നാണ് ഇയാള്‍ പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്.
മലപ്പുറത്തുനിന്ന് വീട്ടിലെത്തിക്കുന്ന പണം ഫോണില്‍ വിളിച്ചറിയിക്കുന്നതു പ്രകാരം ആവശ്യക്കാര്‍ക്ക് എത്തിക്കുകയാണ് വേണ്ടിയിരുന്നത്. തളിപ്പറമ്പിലെ തന്നെ ചിലര്‍ക്ക് നല്‍കുന്നതിനു വേണ്ടിയാണ് പണമെത്തിച്ചതെന്നാണ് പോലീസിന് ലഭിച്ച സൂചന. കുഴല്‍പ്പണത്തിന് പിന്നില്‍ വന്‍ ശൃംഖലതന്നെയുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്. ഇതു സംബന്ധിച്ച് പോലീസ് അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. എഎസ്‌ഐ സുരേഷ്‌കുമാര്‍, സീനിയര്‍ പോലീസ് ഓഫീസര്‍ മുസ്തഫ, ടി.വി.ഷൈനി, നവാസ് എന്നിവരും സംഘത്തോടൊപ്പമുണ്ടായിരുന്നു.
















