പത്തനംതിട്ട: എഴുമറ്റൂര്‍ നാടന്‍ പശുക്കളുടെ സംരക്ഷണത്തിന് കേന്ദ്ര കൃഷി മന്ത്രാലയം രാഷ്ട്രീയ ഗോകുല്‍ മിഷന് പദ്ധതിപ്രകാരം ഏര്‍പ്പെടുത്തിയ ദേശീയ കാമധേനു പുരസ്കാരത്തിന് പത്തനംതിട്ട ജില്ലയിലെ എഴുമറ്റൂര്‍ അമൃതധാര ഗോശാല അര്‍ഹമായി.
ദേശീയതലത്തില്‍ രണ്ടാം സ്ഥാനമാണ് അമൃതധാര ഗോശാലയ്ക്ക് ലഭിച്ചത്. മൂന്ന് ലക്ഷം രൂപയും പ്രശസ്തി പത്രവും കാമധേനു ശില്‍പ്പവുമടങ്ങുന്നതാണ് പുരസ്കാരം. കോയിപ്രം ബ്ളോക്ക് പഞ്ചായത്ത് അംഗവും ആറന്മുള ചക്ക മഹോത്സവത്തിന്റെ ചെയര്‍മാനുമായ അജയകുമാര്‍ വല്യുഴത്തിലിന്റെ നേതൃത്വത്തിലാണ് അമൃതധാര ഗോശാല നടത്തുന്നത്.
പശുവിനെ അടിസ്ഥാനമാക്കിയുള്ള കാര്‍ഷിക സംസ്കാരം വളര്‍ത്തിയെടുക്കുന്നതിനാവശ്യമായ പ്രചരണം നാടന്‍ ജനുസ്സുകളുടെ സംരക്ഷണം തുടങ്ങിയ ലക്ഷ്യങ്ങള്‍ക്കായാണ് കാമധേനു പുരസ്കാരം ഏര്‍പ്പെടുത്തിയത്. ദേശീയ തലത്തില്‍ സര്‍ക്കാരിതര സ്ഥാപനങ്ങളില്‍ അമൃതധാര ഗോശാലമാത്രമാണുള്ളത്.
നേരത്തേ അമൃതധാര ഗോശാലയില്‍ നാടന്‍ പശുക്കളുടെ സംരക്ഷണം സംബന്ധിച്ച് ദേശീയ സെമിനാര്‍ നടത്തിയിരുന്നു. ബാഹുബല് ഫെയിം കാങ്കറേജ് ഇനം പശു ഉള്‍പ്പെടെ 210 14 ഇനം പശുക്കള്‍ അമൃതധാര ഗോശാലയിലുണ്ട്. വെച്ചൂര്‍ പശുവിന്റെ സംരക്ഷണം മുന്‍നിര്‍ത്തി 2015 ലെ സംസ്ഥാന സര്‍ക്കാരിന്റെ ജൈവവൈവിധ്യ ബോര്‍ഡിന്റെ പുരസ്കാരവും അജയകുമാര്നേടിയിരുന്നു. 2016 ലെ സരോജനി ദാമോദര്‍ ഫൗണ്ടേഷന്റെ ജൈവകര്‍ഷക അവാര്‍ഡും അജയകുമാറിന് ലഭിച്ചിരുന്നു.
പശുക്കളുടെ വൈവിദ്ധ്യം, സാമൂഹിക പ്രതിബദ്ധത, വിജ്ഞാന വ്യാപനം ,കാര്‍ഷിക അറിവുകളുടെ പ്രോത്സാഹനം, പശുക്കളുടെ ആഹാരരീതി, ഫോഡര്‍ സംരക്ഷണം തുടങ്ങിയ വിവിധ വിഷയങ്ങളെ ആധാരമാക്കി ദേശീയ തലത്തില്‍ നടത്തിയ മൂല്യനിര്‍ണ്ണയത്തിന്റെയും നേരിട്ടുള്ള പരിശോധനയുടെയും അടിസ്ഥാനത്തിലാണ് പുരസ്കാരം ലഭിച്ചത്. ജൂണ്‍ ഒന്നിന് ദല്‍ഹിയില്‍ നടന്ന ലോക പാല് ദിനാചരണത്തോട് അനുബന്ധിച്ച് കേന്ദ്ര കൃഷി മന്ത്രി രാധാമോഹന്‍ സിംഗില്‍ നിന്ന് അജയകുമാര്‍ അവാര്‍ഡ് ഏറ്റുവാങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: