പുനലൂര്‍: പുനലൂരില്‍ വാട്ടര്‍അതോറിറ്റിയുടെ കുടിവെള്ളവിതരണ പദ്ധതിയുടെ കൂറ്റന്‍ ജലസംഭരണിയുടെ തൂണുകള്‍ തകര്‍ച്ചയില്‍. 40 വര്‍ഷത്തോളം പഴക്കം ചെന്നതാണ് കുടിവെള്ള വിതരണ പദ്ധതി.
കാലപ്പഴക്കത്താല്‍ കൂറ്റന്‍ ജലസംഭരണിയുടെ തൂണുകളുടെ കോണ്‍ക്രീറ്റ് ഇളകിപ്പൊളിഞ്ഞു. സിമന്റ് പാളികള്‍ ഇളകിപ്പോയ തൂണുകളില്‍ തെളിഞ്ഞ കമ്പികളും തുരുമ്പിച്ചു. പുനലൂര്‍ ബോയ്‌സ് ഹൈസ്‌കൂളിനടുത്താണ് വാട്ടര്‍ അതോറിറ്റി 18,00,000 ലിറ്റര്‍ ജലം ശേഖരിക്കാന്‍ ശേഷിയുള്ള ടാങ്ക് നിര്‍മ്മിച്ചിട്ടുള്ളത്. ജലസംഭരണിയുടെ എല്ലാ തൂണുകളും സിമന്റ് പാളികള്‍ അടര്‍ന്ന നിലയിലായിട്ടും അറ്റകുറ്റപ്പണികള്‍ നടത്തി തൂണ് ബലപ്പെടുത്താന്‍ അധികൃതര്‍ തയാറായിട്ടില്ല.
ജലസംഭരണിയുടെ അടിവശത്തെ സിമന്റ് അടരുന്നുണ്ട്. ടാങ്കിന്റെ ഉപരിതലത്തില്‍ വിള്ളലുകളുണ്ട്. ജലസംഭരണിയുടെ മുകളിലേക്ക് കയറാന്‍ ഉള്ള ചുറ്റുഗോവണിയും കാലപ്പഴക്കത്താല്‍ തകര്‍ന്നുതുടങ്ങി. സിമന്റ് അടര്‍ന്ന ഗോവണിയിലേക്ക് കയറാന്‍ ജീവനക്കാര്‍ക്കും ഭയമാണ്. കാലാകാലങ്ങളില്‍ അറ്റകുറ്റപ്പണികള്‍ നടത്താത്തതാണ് ജലസംഭരണിയുടെ നാശത്തിനിടയാക്കുന്നത്. ജനവാസമേഖലയിലാണ് കൂറ്റന്‍ വാട്ടര്‍ ടാങ്ക്. സമീപത്ത് മൂന്ന് സ്‌കൂളുകളുണ്ട്. പുനലൂര്‍ കുടിവെള്ളപദ്ധതിയുടെ ഇന്‍ടേക്ക് വെല്‍ വൃത്തിയാക്കല്‍ കഴിഞ്ഞ ദിവസമാണ് നടത്തിയത്.
ജലശുദ്ധീകരണ പ്ലാന്റിലെ മണല്‍ബെഡ് നവീകരിച്ചിട്ടില്ല. പൈപ്പ്‌പൊട്ടല്‍ പതിവായതിനാല്‍ ജലസംഭരണി ഭാഗത്തേക്കുള്ള റോഡും തകര്‍ന്ന നിലയിലാണ്. ഇവിടെ കോണ്‍ക്രീറ്റ് നടത്തണം എന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്.
















