തിരുവനന്തപുരം: പശു സംരക്ഷണത്തില്‍ നൂതന ആശയവുമായി ഒ.രാജഗോപാല്‍ എംഎല്‍എ. പ്രായമായി പാലുത്പാദനം കുറഞ്ഞ പശുക്കളെ സന്യാസിമാരെ ഏല്‍പ്പിച്ചാല്‍ അവര്‍ ആശ്രമങ്ങളില്‍ സംരക്ഷിക്കുമെന്ന് അദ്ദേഹം അറിയിച്ചു. ആശയത്തെ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പിന്തുണച്ചു.
സംസ്ഥാന ക്ഷീരവകുപ്പ് സംഘടിപ്പിച്ച ലോക ക്ഷീര ദിനാചരണത്തിന്റെ ഉദ്ഘാടനവേദിയിലാണ് രാജഗോപാല്‍ തന്റെ ആശയം അവതരിപ്പിച്ചത്. അദ്ദേഹത്തിന്റെ ആശയം ആശ്വാസകരമാണെന്ന് ദേവസ്വം മന്ത്രിയും പറഞ്ഞു. ഗവര്‍ണര്‍ പി.സദാശിവം സമ്മേളനം ഉദ്ഘാടനം ചെയ്തു. ക്ഷീരോത്പാദനം വെറും ധനസമ്പാദന മാര്‍ഗമല്ലെന്നും സംസ്കാരത്തിന്റെ ഭാഗമാണെന്നും ഗവര്‍ണര്‍ പറഞ്ഞു.
കാലിത്തീറ്റ കൈകൊണ്ടിളക്കി സ്‌നേഹത്തോടെ കാലികളുടെ വായിലേക്കു നീക്കിക്കൊടുക്കണമെന്നാണ് അച്ഛന്‍ തന്നെ പഠിപ്പിച്ചിട്ടുള്ളത്. താന്‍ യുവാവായിരുന്നപ്പോള്‍ വൈകുന്നേരങ്ങളില്‍ പുസ്തകം വായിക്കുന്നതിനു പകരം പശുക്കളെ പരിപാലിക്കാനായിരുന്നു തന്റെ അച്ഛന്‍ ആവശ്യപ്പെട്ടിരുന്നതെന്നും ഗവര്‍ണര്‍ കൂട്ടിച്ചേര്‍ത്തു.
















