തിരുവനന്തപുരം: പീഡനശ്രമത്തിനിടെ യുവതിയാല്‍ ജനനേന്ദ്രിയം മുറിക്കപ്പെട്ടെന്ന പരാതിയില്‍ സ്വാമി ഗംഗേശാനന്ദ എന്ന ശ്രീഹരിയെ രണ്ടുദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടു. പോലീസിന്റെ അപേക്ഷപ്രകാരമാണ് തിരുവനന്തപുരം പോക്‌സോ കോടതി ജഡ്ജി റ്റി.കെ. മിനിമോള്‍ കസ്റ്റഡിയില്‍ വിട്ടത്.
സംഭവസ്ഥലത്ത് പ്രതിയുടെ സാന്നിധ്യവും തെളിവെടുപ്പും അത്യന്താപേക്ഷിതമായതിനാല്‍ കസ്റ്റഡിയില്‍ വേണമെന്നായിരുന്നു പോലീസിന്റെ ആവശ്യം. ഇത് പോക്‌സോ കോടതി അംഗീകരിച്ചു. പ്രതിക്ക് ആവശ്യമായ വൈദ്യസഹായം ഉറപ്പുവരുത്താനും പോലീസിനോട് കോടതി നിര്‍ദ്ദേശിച്ചു.
രാവിലെ ശ്രീഹരിയുടെ അസാന്നിധ്യത്തില്‍ കസ്റ്റഡി ആവശ്യപ്പെട്ട അന്വേഷണ ഉദ്യോഗസ്ഥനെ കോടതി ശകാരിച്ചിരുന്നു. നിലവില്‍ ശ്രീഹരി ആരുടെ കസ്റ്റഡിയിലാണെന്ന് വ്യക്തമാക്കാനും കോടതി നിര്‍ദ്ദേശിച്ചു. വിശദീകരണം നല്‍കാന്‍ ഉദ്യോഗസ്ഥന് കഴിഞ്ഞില്ല. കഴിഞ്ഞ വെള്ളിയാഴ്ച കേസ് പരിഗണിച്ച സമയത്ത് ശ്രീഹരിയെ ബുധനാഴ്ച ഹാജരാക്കണമെന്ന് കോടതി പോലീസിനോട് നിര്‍ദ്ദേശിച്ചിരുന്നു. ഇത് തെറ്റിക്കുകയും കേസ് പരിഗണിച്ചപ്പോള്‍ ഹാജരാക്കാത്ത ശ്രീഹരിയെ കസ്റ്റഡിയില്‍ വിട്ടുകിട്ടുന്നതിനുള്ള അപേക്ഷ പോലീസ് നല്‍കുകയും ചെയ്തതാണ് കോടതിയെ പ്രകോപിപ്പിച്ചത്.
ശ്രീഹരി തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണെന്നും ഹാജരാക്കാന്‍ കഴിയാതിരുന്നത് അതിനാലാണെന്നും പോലീസ് അറിയിച്ചു. തുടര്‍ന്ന് ശ്രീഹരിയെ ഹാജരാക്കാന്‍ ജയില്‍ സൂപ്രണ്ടിന് നിര്‍ദേശം നല്‍കി. ഉച്ചകഴിഞ്ഞ് ശ്രീഹരിയെ കോടതിയില്‍ ഹാജരാക്കി.
മൂന്ന്ദിവസം കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ടെങ്കിലും പ്രതിയുടെ ആരോഗ്യനില കൂടി പരിഗണിച്ച് ശനിയാഴ്ച വൈകിട്ട് അഞ്ചുവരെ അനുവദിച്ചു. യുവതിക്കെതിരെ അമ്മയുടെയും സഹോദരന്റെയും രഹസ്യമൊഴി രേഖപ്പെടുത്തണമെന്ന ആവശ്യം കോടതിതള്ളി.
















