കൊച്ചി: വിവിധ കേസുകളില്‍ 2016 ഡിസംബര്‍ മുപ്പതിനകം അന്വേഷണ സംഘങ്ങള്‍ പിടിച്ചെടുത്ത് കോടതിയില്‍ ഹാജരാക്കിയ അസാധു നോട്ടുകള്‍ മാറിയെടുക്കാന്‍ കഴിയുമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചു.
റിസര്‍വ് ബാങ്കിന്റെ ഓഫീസുകള്‍ മുഖേനയോ ഇതിനായി ചുമതലപ്പെടുത്തിയ ദേശസാത്കൃത ബാങ്കുകള്‍ മുഖേനയോ മാറിയെടുക്കാനാവുമെന്നു സര്‍ക്കാര്‍ വ്യക്തമാക്കി. ക്രിമിനല്‍ കേസുകളില്‍ തൊണ്ടിയായി കീഴ്‌ക്കോടതികളില്‍ സൂക്ഷിച്ചിക്കുന്ന ആയിരത്തിന്റേയും അഞ്ഞൂറിന്റേയും നോട്ടുകള്‍ എന്തു ചെയ്യണമെന്ന് തീരുമാനിക്കാന്‍ ഹൈക്കോടതി സ്വമേധയാ എടുത്ത കേസിലാണ് കേന്ദ്ര സര്‍ക്കാര്‍ ഇക്കാര്യം വിശദീകരിച്ചത്.
കോടതികളിലുള്ള അസാധു നോട്ടുകള്‍ മാറ്റിയെടുക്കാന്‍ മേയ് 12ന് കേന്ദ്ര ധനകാര്യ മന്ത്രാലയം പുറത്തിറക്കിയ വിജ്ഞാപനവും ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു.
















