പൊന്‍കുന്നം: ചിറക്കടവ് പഞ്ചായത്തിലെ ഭൂരിപക്ഷം ആളുകളും ഒരാഴ്ചയായി ജപ്തിഭീഷണിയിലാണ് 2013 മുതലുള്ള കെട്ടിട നികുതി കുടിശ്ശികയാണെന്നും എത്രയും പെട്ടെന്ന് കുടിശ്ശിക അടച്ചില്ലെങ്കില്‍ ജപ്തിചെയ്യുമെന്നുമുള്ള കത്ത് കുടുബശ്രീ പ്രവര്‍ത്തകര്‍ വീടുകളില്‍ എത്തിച്ചു കൊണ്ടിരിക്കുന്നു. കൃത്യമായി കെട്ടിട നികുതി അടച്ചവര്‍ക്കും കിട്ടി കുടിശ്ശിക നോട്ടീസ്. 2013 മുതലുള്ള നികുതിയാണ് കത്തില്‍ കുടിശ്ശികയായി കാണിച്ചിരിക്കുന്നത്.
പഞ്ചായത്തില്‍ കത്തിന്റെ കൂടെ 2013 മുതല്‍ നികുതി അടച്ച രേഖകള്‍ കൊണ്ടു ചെന്നാല്‍ പോക്കറ്റിലെ കാശ് പോകില്ല. രേഖകളില്ലെങ്കില്‍ അടച്ചു എന്നു വാദിക്കാന്‍ തെളിവില്ല. കുടിശ്ശിക കാണിക്കാന്‍ പഞ്ചായത്തിലെ കമ്പ്യൂട്ടറില്‍ തെളിവുണ്ട്. തെളിവ് സഹിതം ഉദ്യോഗസ്ഥര്‍ വാദിക്കും. കമ്പ്യൂട്ടര്‍ പറയുന്ന തുക അടച്ച് ജനം മടങ്ങും. ചിറക്കടവ് പഞ്ചായത്തില്‍ മാത്രമല്ല കൃത്യമായി ജോലികള്‍ നടക്കാത്ത എല്ലാ പഞ്ചായത്തുകളിലും ഇതെ അവസ്ഥയാണ്.
















