തൃശൂര്‍: സിറ്റി പോലീസിനു കീഴിലുള്ള എല്ലാ സ്‌കൂളുകളിലെയും കുട്ടികളെ കൊണ്ടുപോകുന്ന വാഹനങ്ങള്‍ക്കെല്ലാം ഇനി പോലീസ് ഐഡന്റിറ്റി നമ്പര്‍.
സ്‌കൂള്‍ വാഹനങ്ങളില്‍ ഐഡിന്റിഫിക്കേഷന്‍ സ്റ്റിക്കര്‍ ഇന്ന് മുതല്‍ പതിക്കുമെന്ന് പോലീസ്. വിദ്യാര്‍ത്ഥികളുടെ യാത്രാ സുരക്ഷയ്‌ക്കായി പോലീസ് പ്രത്യേകം ഏര്‍പ്പെടുത്തിയ വാട്‌സ് അപ് നമ്പറിന് പുറമേ കണ്‍ട്രോള്‍ റൂം, പിങ്ക് പോലീസ് എന്നിവരുടെ നമ്പറും പോലീസ് ഐഡന്റിഫിക്കേഷന്‍ സ്റ്റിക്കറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.
സ്‌കൂളുകളുടെ പരിധിയിലെ പോലീസ് സ്റ്റേഷനുകള്‍ മുഖാന്തിരമാണ് സ്റ്റിക്കര്‍ പതിച്ചു നല്‍കുന്നത്. ഇതിന്റെ ഭാഗമായി ഓരോ പോലീസ് സ്റ്റേഷന്‍ പരിധിയിലേയും സ്‌കൂളുകളുടെ കണക്കും വാഹനങ്ങളുടെ നമ്പറും സ്‌കൂള്‍ വാഹനത്തിനു പുറമേ ഡ്രൈവര്‍മാരുടെ വിശദാംശങ്ങളും പോലീസ് ശേഖരിച്ചു കഴിഞ്ഞു. ഐഡന്റിഫിക്കേഷന്‍ നമ്പര്‍ പതിക്കാത്ത വാഹനങ്ങളില്‍ വിദ്യാര്‍ത്ഥികളെ കൊണ്ടുപോകാന്‍ അനുവദിക്കില്ലെന്ന് ഐ.ജി. എം.ആര്‍.അജിത് കുമാര്‍ അറിയിച്ചു.
തൃശൂര്‍ പാട്ടുരായ്‌ക്കല്‍ ദേവമാതാ സ്‌കൂളിലെ വാഹനത്തില്‍ നമ്പര്‍ പതിച്ച് എ.സി.പി.പി.വാഹിദ് പദ്ധതി ഉദ്ഘാടനം ചെയ്തു.
ഈസ്റ്റ് സി.ഐകെ.സി.സേതു, എസ്.ഐടി.ശശികുമാര്‍, അഡീഷണല്‍ എസ്.ഐമാരായ സിദ്ധിഖ്, തിലകന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഓരോ നമ്പര്‍ പതിക്കുന്ന വാഹനത്തെയും കുറിച്ചുള്ള പൂര്‍ണ വിവരം അതത് സ്റ്റേഷനുകളില്‍ സൂക്ഷിക്കുന്നുണ്ട്. വാഹനത്തെക്കുറിച്ചുള്ള വിവരങ്ങളെല്ലാം പോലീസ് ശേഖരിച്ചിട്ടുണ്ട്.
















