കുന്നത്തൂര്‍: തകര്‍ച്ചയിലേക്ക് പൂര്‍ണമായി നീങ്ങികൊണ്ടിരുന്ന നരിച്ചിറ കുടിവെള്ള പദ്ധതിക്ക് ഒടുവില്‍ ശാപമോക്ഷം. എംഎല്‍എ ഫണ്ടില്‍ നിന്നും പദ്ധതിയുടെ നവീകരണപ്രവര്‍ത്തനങ്ങള്‍ക്കായി 65 ലക്ഷം രൂപ അനുവദിച്ചിരുന്നുവെങ്കിലും പദ്ധതി ചുവപ്പുനാടയില്‍ കുടുങ്ങി.
ഇതിനെപ്പറ്റി ജന്മഭൂമി കഴിഞ്ഞമാസം വാര്‍ത്ത നല്‍കിയിരുന്നു. തുടര്‍ന്ന് പഞ്ചായത്തംഗം അനിതാകുമാരിയുടെയും യുവമോര്‍ച്ചയുടെയും നിരന്തര ഇടപെടലുണ്ടായി. ഇതിനെ തുടര്‍ന്നാണ് പദ്ധതി ഒടുവില്‍ പ്രാവര്‍ത്തികമാകുന്നകത്. 42 വര്‍ഷത്തോളം പഴക്കമുള്ളതാണ് നരിച്ചിറ കുടിവെള്ളപദ്ധതി. പോരുവഴി പഞ്ചായത്തിന്റെ പകുതിയിലേറെ ഭാഗങ്ങളിലും ശാസ്താംകോട്ട പഞ്ചായത്തിന്റെ രണ്ട് വാര്‍ഡുകളും കുടിവെള്ളത്തിനായി ആശ്രയിക്കുന്നത് ഈ പദ്ധതിയെയാണ്. മണ്‍പൈപ്പുകള്‍ കാലപ്പഴക്കം മൂലം നിരന്തരം പൊട്ടുന്നത് കുടിവെള്ളവിതരണത്തെ തടസപെടുത്തിയിരുന്നു. പമ്പ് ഹൗസിന്റെ ബലക്ഷയം ഓപ്പറേറ്റര്‍മാര്‍ക്കും ഭീഷണി സൃഷ്ടിച്ചിരുന്നു. തകര്‍ന്ന പമ്പ്ഹൗസ് പുനര്‍നിര്‍മാണവും മെയിന്‍ പൈപ്പ് ലൈനുകള്‍ മാറ്റിയിടലുമാണ് ഇപ്പോള്‍ നടക്കുക. ഇതിന്റെ പ്രാരംഭ പണികളാണ് തുടങ്ങിയിരിക്കുന്നത്.
















