മലപ്പുറം: ജില്ലയില്‍ കൂടി കടന്നുപോകുന്ന കോഴിക്കോട്-പാലക്കാട്, കോഴിക്കോട്-തൃശ്ശൂര്‍ ദേശീയപാതകളില്‍ രാവുംപകലും വാഹന സൗകര്യമുണ്ട്. എന്നാല്‍ നേരം ഇരുട്ടിയാല്‍ ജില്ലയുടെ വിവിധ പ്രദേശങ്ങളിലേക്കെത്താന്‍ ഒരുമാര്‍ഗ്ഗവുമില്ല. പകല്‍ സമയങ്ങളില്‍ മിനിറ്റുകളുടെയും സെക്കന്റുകളുടെയും വ്യത്യാസത്തില്‍ കെഎസ്ആര്‍ടിസിയും സ്വകാര്യബസ്സും ചീറിപ്പായുന്ന നിരത്തുകള്‍ സന്ധ്യയാകുന്നതോടെ വിജനമാകും.
മഞ്ചേരി നഗരം രാത്രി എട്ടുമണിയാകുന്നതോടെ തിരക്കുകളൊഴിയും കോഴിക്കോട്, നിലമ്പൂര്‍ ഭാഗങ്ങളിലേക്ക് ബസുകളില്ലാത്തത് ജനങ്ങളെ വലക്കുകയാണ്. നിലമ്പൂര്‍ ഭാഗത്തേക്കുള്ള ആളുകള്‍ക്ക് അവസാന ആശ്രയം രാത്രി 10.30ന് കോഴിക്കോട് നിന്ന് വരുന്ന കെഎസ്ആര്‍ടിസി ബസ്സാണ്. എന്നാല്‍ ഇത് പല ദിവസങ്ങളിലും ഈ ബസ് വരാറില്ല. നിരവധി ആളുകളാണ് ഈ ബസും കാത്ത് മഞ്ചേരി ടൗണില്‍ നില്‍ക്കുന്നത്. ബസ് വരാതാകുന്നതോടെ ഇവരെല്ലാം ഓട്ടോറിക്ഷകളെ ആശ്രയിക്കുന്നു. നിലമ്പൂരിലേക്ക് ഓട്ടോറിക്ഷ വിളിക്കണമെങ്കില്‍ കുറഞ്ഞത് 500 രൂപയെങ്കിലും വേണം. നിരവധി തവണ കെഎസ്ആര്‍ടിസി അധികൃതര്‍ക്ക് നിവേദനം നല്‍കിയെങ്കിലും അനുകൂലമായൊരു നടപടി ഉണ്ടായിട്ടില്ല.
മഞ്ചേരി മലപ്പുറം, മങ്കട, വണ്ടൂര്‍, നിലമ്പൂര്‍ തിരൂര്‍ നഗരങ്ങളിലെ അവസ്ഥയും സമാനമാണ്. മലപ്പുറം വഴി പാലക്കാടേക്കും കോഴിക്കോടേക്കും മാത്രമാണ് രാത്രിയില്‍ ബസുള്ളത്. 12 കിലോമീറ്റര്‍ മാത്രം ദൂരമുള്ള മഞ്ചേരിക്കോ കോട്ടക്കലിലേക്കോ ബസില്ലാത്തത് ആളുകളെ ബുദ്ധിമുട്ടിലാക്കുന്നു. റംസാന് നോമ്പ് കാലമായാല്‍ പല സ്വകാര്യ ബസുകളും അവസാന ട്രിപ്പ് എടുക്കാറില്ല.
പകല്‍ സമയങ്ങളില്‍ സെക്കന്റുകളുടെ വ്യത്യാസത്തില്‍ പെര്‍മിറ്റ് അനുവദിക്കുന്ന ആര്‍ടിഒയും മറ്റ് അധികൃതരും ഈ വിഷയങ്ങള്‍ കണ്ടില്ലെന്ന് നടിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: