പൂക്കോട്ടുംപാടം: വില്ല്വത്ത് ക്ഷേത്രത്തിലെ വിഗ്രഹങ്ങള്‍ തകര്‍ത്ത പ്രതിയെ സംഭവ സ്ഥലത്തെത്തിച്ച് തെളിവെടുപ്പ് നടത്തി.
ഇന്നലെ രാവിലെ ഒമ്പത് മണിയോടെയാണ് പ്രതിയെ ക്ഷേത്രത്തിലെത്തിച്ചത്. പ്രതി ആദ്യം തന്റെ ബാഗ് പോലീസിന് കാണിച്ചു കൊടുത്തു. വാര്‍ക്കപ്പണിക്ക് ആവശ്യമായ ചട്ടകം, തേപ്പുപലക, രണ്ട് ചുറ്റിക എന്നിവയാണ് ബാഗിനകത്ത് ഉണ്ടായിരുന്നത്. ആരെങ്കിലും കണ്ടാല്‍ പണിക്കു വന്നതാണെന്ന് പറയാന്‍ വേണ്ടിയാണ് പണിയാധുങ്ങള്‍ കൊണ്ടുവന്നതെന്നും, ചുറ്റിക വിഗ്രഹം തല്ലിത്തകര്‍ക്കാന്‍ ഉപയോഗിച്ചതായും പ്രതി പറഞ്ഞു.
ഭഗവതിയുടെ വിഗ്രഹത്തില്‍ നിന്നും കിട്ടിയ വെള്ളിയില്‍ കെട്ടിയ മാലയിലെ സ്വര്‍ണ്ണ ലോക്കറ്റ് എടുക്കുകയും മാല ചുറ്റി എറിയുകയും ചെയ്തു. മാലക്ക് വേണ്ടി പോലീസും നാട്ടുകാരും തെരച്ചില്‍ തുടരുകയാണ്. പിന്നീട് ക്ഷേത്രത്തിനു പടിഞ്ഞാറേ ഭാഗത്തിലുടെ ചുറ്റു മതിലകത്തേക്ക് കൊണ്ടുവന്നു.
ഈ സമയം തടിച്ചുകൂടിയ ജനങ്ങള്‍ക്കിടയില്‍ നിന്ന് ചിലര്‍ പ്രതിയെ ആക്രമിക്കാന്‍ ശ്രമിച്ചു. ഇതോടെ തെളിവെടുപ്പ് നിര്‍ത്തി പോലീസ് പ്രതിയെ തിരിച്ചുകൊണ്ടു പോകുകയായിരുന്നു.
ക്ഷേത്രത്തില്‍ പുണ്യാഹശുദ്ധി നടത്തിയതിനാല്‍ അകത്തു പ്രവേശിക്കാന്‍ തന്ത്രിയുടെ അനുവാദം ലഭ്യമാകണമെന്നും, ആവശ്യമെങ്കില്‍ പൂജ കഴിഞ്ഞാല്‍ അതിന് സൗകര്യം ഒരുക്കാന്‍ തയ്യാറാണെന്നും ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചു.
ഇതനുസരിച്ച് ചുറ്റമ്പലത്തിന് പുറത്താണ് തെളിവെടുപ്പ് നടത്തിയത്.
വന്‍ പോലീസ് സന്നാഹമാണ് ഒരുക്കിയിരുന്നത്, പെരിന്തല്‍മണ്ണ ഡിവൈഎസ്പി മോഹനചന്ദ്രന് സിഐമാരായ ദേവസ്യ, എ.ജെ.ജോണ്സണ്, സന്തോഷ്, എസ്ഐമാരായ അമൃത്രംഗന്‍, മനോജ് പറയട്ട, സുനില്‍ പുളിക്കല്‍, ജ്യോതീന്ദ്രകുമാര്‍, വിജേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ തെളിവെടുപ്പിനായി കൊണ്ടുവന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: