കോട്ടയം: താരമാമാങ്കത്തിന് അഞ്ച് നാളുകള്‍ ശേഷിക്കേ അക്ഷരനഗരി ആഘോഷത്തിമിര്‍പ്പില്‍. ബഹുവര്‍ണ്ണ ബോര്‍ഡുകളും പോസ്റ്ററുകളും നിരന്നതോടെ എവിടെയും താരാഘോഷത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ മാത്രം. 28നു നടക്കുന്ന ലെജന്‍ഡ്‌സ് ഓഫ് കേരളയുടെ പ്രചാരണത്തിന് ‘ജന്മഭൂമി’യുടെ വായനക്കാരും അഭ്യുദയാകാംക്ഷികളും സ്വമേധയാ മുന്നിട്ടിറങ്ങുന്നു. സമീപ ജില്ലകളിലും പ്രചാരണം ഊര്‍ജ്ജിതം.
കലാമേളയും പുരസ്‌കാരദാനവും നടക്കുന്ന ബസേലിയസ് കോളേജ് ഗ്രൗണ്ടിലെ വേദിയുടെ നിര്‍മ്മാണം ഉടന്‍ ആരംഭിക്കും. അത്യാധുനിക പ്രകാശ സജ്ജീകരണങ്ങളോടെയുള്ള വേദിയാണ് ഒരുക്കുന്നത്. കലാപരിപാടികള്‍ അവതരിപ്പിക്കുന്ന കലാകാരന്മാരും കലാകാരികളും അതിനുള്ള മുന്നൊരുക്കങ്ങളും തുടങ്ങി.
















