തിരുവനന്തപുരം: പേരൂര്‍ക്കട ലോ അക്കാദമി യൂണിറ്റ് സെക്രട്ടറി വി.ജി. വിവേകിനെ എഐഎസ്എഫ് പുറത്താക്കി. ലോ അക്കാദമി ലോ കോളജ് മുന്‍ പ്രിന്‍സിപ്പല്‍ ലക്ഷ്മി നായര്‍ ജാതിപ്പേരു വിളിച്ച് അപമാനിച്ചെന്ന കേസില്‍ ഉന്നതതല അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി പിന്‍വലിച്ചതിനെ തുടര്‍ന്നാണ് സിപിഐ വിദ്യാര്‍ഥി സംഘടനയുടെ നടപടി.
കേസ് പിന്‍വലിച്ചത് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്റെ അറിവോടെയാണെന്ന് വിവേക് പറഞ്ഞിരുന്നു. എന്നാല്‍, പരാതി പിന്‍വലിച്ചത് വിവേകിന്റെ വ്യക്തിപരമായ തീരുമാനമെന്നാണ് കാനം പ്രതികരിച്ചത്. പാര്‍ട്ടി തീരുമാനത്തില്‍ മാറ്റമുണ്ടായിട്ടില്ലെന്നും കാനം പറഞ്ഞു. പട്ടിക ജാതി വര്‍ഗക്കാര്‍ക്കെതിരായ അതിക്രമം തടയല്‍ നിയമപ്രകാരമാണ് പേരൂര്‍ക്കട പോലീസ് കേസെടുത്തത്. ഇതിനെ ചോദ്യം ചെയ്ത് ലക്ഷ്മി നായര്‍ ഹര്‍ജി നല്‍കി.
പരാതിയുമായി മുന്നോട്ടു പോകാന്‍ താത്പര്യമില്ലെന്ന് വിവേക് അറിയിച്ചതിനാല്‍ നിയമ നടപടി ഹൈക്കോടതി കഴിഞ്ഞ ദിവസം റദ്ദാക്കി.
പരാതി പിന്‍വലിക്കാന്‍ വിവേക് തയാറാണെന്നു കാണിച്ച് ലക്ഷ്മി നായര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തിന്മേലാണ് നടപടി. സ്വന്തം ഇഷ്ടപ്രകാരമാണു കേസില്‍നിന്നു പിന്മാറുന്നതെന്നു വിവേക് നേരിട്ടു ഹാജരായി ബോധിപ്പിച്ചു. കേസ് ഒത്തുതീര്‍പ്പായെന്നും കോളേജില്‍ ഇപ്പോള്‍ സമാധാന അന്തരീക്ഷമാണുള്ളതെന്നും വിവേക് സത്യവാങ്മൂലം നല്‍കുകയും ചെയ്തിരുന്നു.
















