കോട്ടയം: കാലിചന്തകളിലൂടെ കന്നുകാലികളെ വില്‍ക്കുന്നതിന് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തിക്കൊണ്ടുളള കേന്ദ്ര സര്‍ക്കാരിന്റെ പുതിയ തീരുമാനം കേരളത്തില്‍ ക്ഷീര വികസന മേഖലയില്‍ കടുത്ത പ്രതിസന്ധി സൃഷ്ടിക്കുമെന്ന് മന്ത്രി അഡ്വ. കെ. രാജു അഭിപ്രായപ്പെട്ടു. ഭക്ഷ്യ-കാര്‍ഷിക അനുബന്ധമേഖലകളെ വളരെ ദോഷകരമായി ബാധിക്കുന്ന പുതിയ തീരുമാനത്തിനെതിരേയുളള കേരളത്തിന്റെ വികാരം കേന്ദ്രസര്‍ക്കാരിനെ അറിയിക്കും. മില്‍മയുടെ കോട്ടയത്തെ നവീകരിച്ച ഡയറിയുടെ ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി.
പുതിയ മില്‍ക്ക് പാസ്ചറൈസേഷന്‍ പ്ലാന്റിന്റേയും മില്‍ക്ക് പാര്‍ലറിന്റേയും ഉദ്ഘാടനം മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നിര്‍വ്വഹിച്ചു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എംഎല്‍എ അദ്ധ്യക്ഷത വഹിച്ചു. ജോസ് കെ.മാണി എം.പി മുഖ്യപ്രഭാഷണം നടത്തി. മില്‍മ ചെയര്‍മാന്‍ പി.ടി ഗോപാലക്കുറുപ്പ്, മേഖലാ യൂണിയന്‍ ചെയര്‍മാന്‍മാരായ കല്ലട രമേശ്, കെ.എന്‍ സുരേന്ദ്രന്‍ നായര്‍, പി.എ ബാലന്‍ ക്ഷീര വകുപ്പ് ഡയറക്ടര്‍ ജോര്‍ജ്ജ്കുട്ടി ജേക്കബ്, ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് മേരി സെബാസ്റ്റ്യന്‍, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സിസി ബേബി തുടങ്ങിയവര്‍ പങ്കെടുത്തു.
12 കോടി രൂപ ചെലവിലാണ് ഡയറിയും അനുബന്ധ പ്ലാന്റുകളും നവീകരിച്ചത്. ഇതോടെ കോട്ടയം ഡയറിയിലെ പ്രതിദിന പാല്‍ സംസ്‌ക്കരണം 30000 ലിറ്ററില്‍ നിന്ന് 75000 ലിറ്ററായി ഉയരും.
















