തിരുവനന്തപുരം: സംസ്ഥാനത്ത് രാഷ്‌ട്രീയ സംഘര്‍ഷം അവസാനിപ്പിച്ച് സമാധാനാന്തരീക്ഷം സൃഷ്ടിക്കാന്‍ പരമാവധി ശ്രമിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. സമാധാനം നിലനിര്‍ത്താനുള്ള ചര്‍ച്ചകള്‍ തുടരും. സംസ്ഥാനത്തെ പത്ര-ദൃശ്യ മാധ്യമങ്ങളുടെയും വാര്‍ത്താ ഏജന്‍സികളുടെയും എഡിറ്റര്‍മാരുമായി സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
അഴിമതിക്കെതിരായ നിലപാട് കൂടുതല്‍ ശക്തമായി മുന്നോട്ടു കൊണ്ടുപോകും. അഴിമതിയുടെ കാര്യത്തില്‍ സര്‍ക്കാര്‍ എടുത്ത നടപടികള്‍ പൊതുസമൂഹം അംഗീകരിച്ചിട്ടുണ്ട്. സര്‍ക്കാരിന്റെ പല കാര്യങ്ങളെയും വിമര്‍ശിക്കുന്ന മാധ്യമങ്ങള്‍ അഴിമതിയുടെ ഒരു പ്രശ്‌നവും ഇതുവരെ ഉന്നയിച്ചിട്ടില്ല. അഴിമതിയോട് വിട്ടുവീഴ്ചയില്ലാത്ത സര്‍ക്കാര്‍ നിലപാട് മാധ്യമങ്ങളും അംഗീകരിക്കുന്നുണ്ട്.
കേരളത്തിലെ പ്രധാന നദികള്‍ ശുദ്ധീകരിക്കാന്‍ പ്രത്യേക പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്ന് നിര്‍ദേശങ്ങള്‍ക്ക് മറുപടിയായി മുഖ്യമന്ത്രി പറഞ്ഞു. ജന്മഭൂമിയെ പ്രതിനിധീകരിച്ച് റസിഡന്റ് എഡിറ്റര്‍ കെ.കുഞ്ഞിക്കണ്ണന്‍ പങ്കെടുത്തു.
















