നിലമ്പൂര്‍: നിലമ്പൂര്‍ നഗരസഭ നടപ്പിലാക്കുന്ന ജപ്പാന് കുടിവെള്ള പദ്ധതിയുടെ ഭാഗമായി ഒരു മുന്നറിയിപ്പുമില്ലാതെ നിലമ്പൂര്‍ ജനതപ്പടി ഭാഗത്ത് പിഡബ്ല്യൂഡി റോഡ് വെട്ടിപ്പൊളിച്ച് പൈപ്പ് സ്ഥാപിക്കല്‍ നടപടി തുടങ്ങിയതോടെ യാത്രക്കാര്‍ വലഞ്ഞു.
റോഡ് പകുതിയോളം ഭാഗത്താണ് പ്രവൃത്തി നടക്കുന്നത്. ഇതോടെ ഇതിലെയുള്ള ഗതാഗതം വണ്‍വേയായി. ദിവസേന ആയിരക്കണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന അന്തര്‍സംസ്ഥാന പാതയിലാണ് യാത്രക്കാരെ വലച്ചുകൊണ്ട് നിര്‍മാണ പ്രവൃത്തി നടക്കുന്നത്. ഇത്തരം പ്രവൃത്തികള്‍ സാധാരണയായി രാത്രിയിലാണ് നടത്താറ്. എന്നാല്‍ ഇത്രയും വാഹനത്തിരക്കേറിയ റോഡില്‍ ഒരു മുന്നറിയിപ്പും നല്‍കാതെയാണ് വാട്ടര്‍ അതോരിറ്റി പ്രവൃത്തി ആരംഭിച്ചത്.
ഗതാഗത തടസ്സം രൂക്ഷമായതോടെ ചന്തക്കുന്ന് ഭാഗത്തുനിന്നും വരുന്ന ബസ് ഉള്‍പ്പെടെയുളള വാഹനങ്ങള്‍ ജനതപ്പടിയിലൂടെ മണലൊടി വഴിയാണ് നിലമ്പൂരിലേക്ക് തിരിച്ചുവിടുന്നത്.
ചന്തക്കുന്ന് ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ സാധാരണ പോലെയും സര്‍വീസ് നടത്തുന്നുണ്ട്. പ്രവൃത്തി കൂടുതല്‍ ദിവസങ്ങള്‍ തുടരാന്‍ സാധ്യതയുള്ളതിനാല്‍ തുടര്‍ദിവസങ്ങളിലെ പ്രവൃത്തി രാത്രിയാക്കണമെന്ന ആവശ്യവും ശക്തമായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: