കെയ്‌റോ: ഈജിപ്തില്‍ ആയുധധാരി 23 പേരെ വെടിവെച്ചു കൊന്നു. ഈജിപ്തിലെ മിന്യ പ്രവിശ്യയില്‍ ബസ്സിനു നേരെ തോക്കുധാരികള്‍ നടത്തിയ ആക്രമണത്തില്‍ 23 പേര്‍ കൊല്ലപ്പെടുകയും 25പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പ്രധാന ക്രിസ്ത്യന്‍ വിഭാഗമായ കോപ്റ്റ്‌സ് വിഭാഗത്തിനു നേരെയാണ് ആക്രമണമുണ്ടായത്. സെന്റ് സാമുവല്‍ സന്ന്യാസി മഠത്തിലേക്ക് യാത്രചെയ്യുകയായിരുന്നു ഇവര്‍.
ഈജിപ്തില്‍ ക്രിസ്തുമതവിശ്വാസികളായ ന്യൂനപക്ഷത്തിനെതിരെ സമാന ആക്രമണങ്ങള്‍ നേരത്തെയും ഉണ്ടായിട്ടുണ്ട്. കഴിഞ്ഞ ഏപ്രിലില്‍ തണ്ട, അലക്‌സാണ്ട്രിയ നഗരങ്ങളിലെ രണ്ട് ചര്‍ച്ചുകളിലായുണ്ടായ സ്‌ഫോടനങ്ങളില്‍ പത്തിലേറെ പേര്‍ കൊല്ലപ്പെട്ടിരുന്നു. 2016 ഡിസംബറില്‍ കെയ്‌റോയിലെ പള്ളിക്കു നേരെയുണ്ടായ ആക്രമണത്തില്‍ സ്ത്രീകളും കുട്ടികളും അടക്കം 25 പേര്‍ കൊല്ലപ്പെടുകയും 49 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. മിന്യയിലെ ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ആരും ഇതുവരെ രംഗത്തെത്തിയിട്ടില്ല.
















