മലപ്പുറം: ജില്ലയില്‍ അഞ്ചുപേര്‍ ഡെങ്കിപ്പനി ബാധിച്ച് മരിച്ചതായി ഔദ്യോഗിക സ്ഥിരീകരണം. 628 പേര് ലക്ഷണങ്ങളോടെ ചികിത്സയിലാണ്. അതില്‍ 25 പേര്‍ക്ക് ഡെങ്കിപ്പനി തന്നെയാണെന്ന് ഉറപ്പിക്കുകയും ചെയ്തു.
സര്‍ക്കാര്‍ ആശുപത്രികളിലെ മാത്രം കണക്കാണിത്. ജനങ്ങളെ ആശങ്കപ്പെടുത്തുന്ന രീതിയില്‍ ജില്ലയില്‍ ഡെങ്കിപ്പനി പടരുകയാണ്. കൊതുകിനെ നശീകരണം ശക്തമാക്കിയില്ലെങ്കില്‍ കൂടുതല്‍ അപകടങ്ങള്‍ ഉണ്ടാകുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്കുന്നു.
ജില്ലയില്‍ പലയിടത്തും കൊതുകു സാന്ദ്രത 30ന് മുകളിലാണ്, അതീവ ഗുരുതരാവസ്ഥയാണിത്. ആരോഗ്യകരമായ സാഹചര്യങ്ങളില്‍ കൊതുകു സാന്ദ്രത പത്തില്‍ താഴെയേ ഉണ്ടാവൂ.
കാളികാവ്, കരുവാരകുണ്ട്, വേങ്ങര, ഊരകം, മൊറയൂര്‍ പൂക്കോട്ടൂര്‍, കീഴുപറമ്പ് മേഖലകളിലാണു രോഗം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
വേനല്‍മഴമൂലമുണ്ടായ വെള്ളം കെട്ടിക്കിടന്നു കൊതുകു പെരുകിയതാണു രോഗം പകരാന്‍ കാരണമെന്ന് അധികൃതര്‍ പറയുന്നു. പാത്രങ്ങളിലും മറ്റും ശേഖരിച്ചു വച്ചിട്ടുള്ള വെള്ളത്തിലും ഡെങ്കി പരത്തുന്ന കൊതുക് വളരും.റഫ്രിജറേറ്ററിന്റെ പിന്നിലെ ട്രേയിലും ഉപയോഗിക്കാതെ കിടക്കുന്ന ക്ലോസറ്റുകളിലും വളര്‍ന്ന കൊതുകുകള്‍ പലയിടത്തും ഡെങ്കി ഉണ്ടാക്കിയതായും ആരോഗ്യവകുപ്പ് കണ്ടെത്തിയിട്ടുണ്ട്.
ഈഡിസ് ജനുസിലെ, ഈജിപ്തി, അല്ബോപിക്ട്സ് എന്നീ ഇനം പെണ്കൊതുകുകള് പരത്തുന്ന ഡെങ്കൂ വൈറസ് മൂലമുണ്ടാകുന്ന രോഗമാണ് ഡെങ്കിപ്പനി.
കീടങ്ങള്‍ പകര്‍ത്തുന്ന ആര്‍ബോവൈറസ് ഗ്രൂപ്പ് ബിയില്‍പ്പെടുന്ന ഫ്ളാവി വൈറസുകളാണ് ഇവ. ഉഷ്ണ, മിതോഷ്ണ പ്രദേശങ്ങളില്‍ ഈ രോഗം കൂടുതലായി കണ്ടുവരുന്നു. ഏഡിസ് ഈജിപ്തി,ഏഡിസ് ആല്‍ബൊപിക്റ്റ്സ് എന്നി കൊതുകുകള്‍ ശുദ്ധജലത്തില്‍,പ്രത്യേകിച്ച് മഴവെള്ളത്തില്‍ മുട്ടയിടുന്ന കൊതുകുകളാണ്. പകല്‍ സമയത്ത് മാത്രം കടിക്കുന്ന സ്വഭാവമുള്ള ഇവയുടെ നിറം കറുപ്പും, മൂന്നു ജോഡി കാലുകളിലും മുതുകിലും വെളുത്ത വരകളുണ്ട്. ഇവയുടെ നിറവും, വിട്ടുമാറാതെ കടിക്കുന്ന സ്വഭാവവും കാരണം ഇവയെ കടുവാക്കൊതുകുകള്‍ എന്നും വിളിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: