ബെംഗളൂരു: കഴിഞ്ഞ വര്‍ഷത്തെ ഇന്ത്യയിലെ ഏറ്റവും വലിയ മനുഷ്യ സ്‌നേഹി എച്ച്‌സിഎല്‍ ചെയര്‍മാന്‍ ശിവ നാടാര്‍(71). ഹുറണ്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്കായി മാത്രം ഇദ്ദേഹം ചെലവഴിച്ചത് 630 കോടിയാണ്. ശിവനാടാര്‍ സര്‍വ്വകലാശാലയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്കായി 458 കോടി രൂപ ചെലവഴിച്ചത് കൂടാതെയാണ് ഇത്.
73,000 കോടിയാണ് നാടാരുടെ ആസ്തി. കഴിഞ്ഞ വര്‍ഷം സാമൂഹ്യ സേവനങ്ങളില്‍ അഞ്ചാം സ്ഥാനത്തായിരുന്നു ഇദ്ദേഹം. ഇന്‍ഫോസിസ് മുന്‍ ചീഫ് എക്‌സിക്യൂട്ടീവ് ക്രിസ് ഗോപാല കൃഷ്ണനും കുടുംബവുമാണ് പട്ടികയില്‍ രണ്ടാമതുള്ളത്. മുകേഷ് അംബാനിയാണ് അടുത്ത സ്ഥാനത്ത്. കഴിഞ്ഞ വര്‍ഷം ക്രിസ് ഗോപാലകൃഷണന്‍ 313 കോടിയും, അംബാനി 303 കോടിയുമാണ് സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്കായി വിനിയോഗിച്ചത്. ആദിത്യ ബിര്‍ള ഗ്രൂപ്പ് ചെയര്‍മാന്‍ കുമാര്‍ മംഗളം ബിര്‍ളയാണ് പട്ടികയിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്തി. 49 വയസ്. 21 കോടി രൂപയാണ് വിവിധ ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്കായി ഇയാള്‍ വിനിയോഗിച്ചത്.
ഇന്‍ഫോസിസ് സ്ഥാപകരായ നന്ദന്‍ നീലേക്കനി, എന്‍. ആര്‍. നാരായണമൂര്‍ത്തി, വിപ്രോ ചെയര്‍മാന്‍ അസീം പ്രേംജി എന്നിവരും ഈ പട്ടികയില്‍ ഇടം പിടിച്ചിട്ടുണ്ട്. 2016ല്‍ വിവിധ വ്യക്തികള്‍ നല്‍കിയ സംഭാവനകളുടെ അടിസ്ഥാനത്തിലാണ് ഈ പട്ടിക പുറത്തിറക്കിയിരിക്കുന്നതെന്ന് ഹുറണ്‍ എംഡി അനസ് റഹ്മാന്‍ ജുനെയ്ദ് അറിയിച്ചു.
















