തിരുവനന്തപുരം: മുന്‍മന്ത്രി എ.കെ. ശശീന്ദ്രനെ കുടുക്കിയ വിവാദ ടെലിഫോണ്‍ സംഭാഷണവുമായി ബന്ധപ്പെട്ട് മംഗളം ചാനലിനെതിരെ രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് കേസ്.
മുന്‍മന്ത്രി ശശീന്ദ്രന്‍ പങ്കെടുത്ത ഒരു പരിപാടിയുടെ സ്വീകരണ ചടങ്ങില്‍ തൊട്ടടുത്ത് നില്‍ക്കുന്ന പെണ്‍കുട്ടിയെ നോക്കുന്ന ദൃശ്യം ചാനലിലെ ചിലര്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചു. ശശീന്ദ്രനുമായി ഫോണ്‍ സംഭാഷണത്തില്‍ ബന്ധപ്പെട്ട കുട്ടിയാണിതെന്ന് പ്രചരാണമുണ്ടായി. ഇതിനെതിരെ പരപ്പനങ്ങാടി പോലീസ് സ്റ്റേഷനില്‍ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പരാതി നല്‍കിയിരുന്നു.
ഈ കേസും ഒരു വനിതാ അഭിഭാഷക നല്‍കിയ പരാതിയുടെയും അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ചാനല്‍ ചെയര്‍മാന്‍ സാജന്‍ വര്‍ഗ്ഗീസ്, സിഇഒ ആര്‍. അജിത്കുമാര്‍, എം.ബി. സന്തോഷ്, ഋഷി കെ. മനോജ്, കെ.ജയചന്ദ്രന്‍, ലക്ഷ്മി മോഹന്‍, ഫിറോസ് സാലി മുഹമ്മദ്, എസ്.വി. വര്‍ഗ്ഗീസ് എന്നിവരും ഫോണ്‍വിളിയിലെ പെണ്‍കുട്ടി എന്നിവരുടെ പേരിലുമാണ് പരാതി.
സംഭവത്തില്‍ ചാനല്‍ സിഇഒ ഖേദപ്രകടനം നടത്തിയെങ്കിലും പ്രത്യേക അന്വേഷണ സംഘം ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു. ഐടി ആക്ടിലെ വകുപ്പുകള്‍ക്ക് പുറമെ ഗൂഢാലോചനാ കുറ്റവും എഫ്‌ഐആറില്‍ ചേര്‍ത്തിട്ടുണ്ട്. മന്ത്രിക്ക് മുന്നില്‍ പരാതിയുമായെത്തിയ വീട്ടമ്മയുമായി എ.കെ. ശശീന്ദ്രന്‍ ലൈംഗിക ചുവയുള്ള സംസാരം നടത്തിയെന്ന ഫോണ്‍ സംഭാഷണമാണ് ചാനല്‍ സംപ്രേഷണം ചെയ്തത്. തുടര്‍ന്ന് ശശീന്ദ്രന്‍ മന്ത്രി സ്ഥാനം രാജിവച്ചു. സംഭവം വിവാദമായതോടെയാണ് ചാനല്‍ സിഇഒ അജിത് കുമാര്‍ മാപ്പപേക്ഷിച്ചത്.
ശശീന്ദ്രനെ കുടുക്കിയതെന്ന് പരസ്യമായി സമ്മതിച്ചായിരുന്നു ഖേദ പ്രകടനം
ഐജി ദിനേന്ദ്ര കശ്യപിനാണ് അന്വേഷണ ചുമതല. കോട്ടയം,പാലക്കാട് എസ്പിമാരും അന്വേഷണ സംഘത്തിലുണ്ട്. ഹൈടെക് സെല്‍ ഡിവൈഎസ്പി ബിജു മോനാണ് അന്വേഷണ ഉദ്യോഗസ്ഥന്‍. ഫോണ്‍ വിളി വിവാദത്തില്‍ ജുഡിഷ്യല്‍ അന്വേഷണവും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
















