തിരുവനന്തപുരം: നക്സല്‍ വര്‍ഗീസ് കൊടും കുറ്റവാളിയായി ചിത്രീകരിച്ച് ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയത് സര്‍ക്കാറിനു പറ്റിയ വീഴ്ചയാണെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. യുഡിഎഫ് തയാറാക്കിയ സത്യവാങ്മൂലം അതുപോലെ നല്‍കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സര്‍ക്കാറിനെ എതിര്‍ക്കാന്‍ ഈ സത്യവാങ്മൂലം ഉപയോഗെപ്പടുത്തിയാല്‍ അതിനെ കുറ്റം പറയാനാകില്ലെന്നും എം.എ ബേബി പറഞ്ഞു. വഴിമാറി നടന്നെങ്കിലും വര്‍ഗീസ് സിപിഎമ്മുകാരനായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. പോലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട നക്സല്‍ വര്‍ഗീസ് കൊലക്കേസിലും കവര്‍ച്ചക്കേസിലും പ്രതിയായ കൊടും കുറ്റവാളിയായിരുന്നുവെന്നായിരുന്നു സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചത്.
നക്സല്‍ വര്‍ഗീസിനെ പോലീസ് കൊലപ്പെടുത്തിയ സാഹചര്യത്തില്‍ 50 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് സഹോദരന്‍ എ. തോമസ് ഉള്‍പ്പടെ നല്‍കിയ ഹര്‍ജിയിലാണ് സര്‍ക്കാര്‍ ഇക്കാര്യം വ്യക്തമാക്കി മറുപടി സത്യവാങ്മൂലം നല്‍കിയത്. ഇത്തരക്കാരനായ വ്യക്തി കൊല്ലപ്പെട്ടതിന്റെ പേരില്‍ ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കാനാവില്ലെന്നും സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ബോധിപ്പിച്ചിരുന്നു.
വയനാട് തിരുനെല്ലിയില്‍ 1970 ഫെബ്രുവരിയില്‍ ഉണ്ടായ കവര്‍ച്ചയിലും കൊലപാതകത്തിലും വര്‍ഗീസ് പ്രതിയായിരുന്നു. ആഭ്യന്തര വകുപ്പ് അണ്ടര്‍ സെക്രട്ടറി ആര്‍ സന്തോഷ് കുമാര്‍ നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു. 2016 ജൂലായ് 22 ന് മുന്‍ സര്‍ക്കാരിന്റെ കാലത്ത് നിയോഗിച്ച സര്‍ക്കാര്‍ അഭിഭാഷകന്‍ മുഖേനയാണ് സത്യവാങ്മൂലം നല്‍കിയത്.
പോലീസുമായുള്ള ഏറ്റുമുട്ടലില്‍ വര്‍ഗീസ് കൊല്ലപ്പെട്ടതായി തലശേരി ഡിവൈഎസ്പിയായിരുന്ന കെ. ലക്ഷ്മണ വ്യക്തമാക്കിയിരുന്നു. വര്‍ഗീസിനെ ലക്ഷ്മണയുടെ ഉത്തരവനുസരിച്ച് താനാണ് വെടിവെച്ചു കൊന്നതെന്ന് അന്നത്തെ പോലീസ് സംഘത്തിലുണ്ടായിരുന്ന കോണ്‍സ്റ്റബിള്‍ രാമചന്ദ്രന്‍ നായര്‍ 1998 ല്‍ വെളിപ്പെടുത്തിയതോടെ സംഭവം വീണ്ടും വാര്‍ത്തയായി. തുടര്‍ന്ന് അന്വേഷണം നടത്തിയ സിബിഐ നല്‍കിയ കുറ്റപത്രമനുസരിച്ച് കേസില്‍ രണ്ടാം പ്രതിയായ ലക്ഷ്മണയെ കോടതി ശിക്ഷിച്ചു. ലക്ഷ്മണയുടെ അപ്പീല്‍ സുപ്രീം കോടതിയുടെ പരിഗണനയിലാണ്.
















