ന്യൂദല്‍ഹി: അയോധ്യ തര്‍ക്ക മന്ദിരവുമായി ബന്ധപ്പെട്ട വിഷയത്തില്‍ സുപ്രീം കോടതി നടത്തിയ നിരീക്ഷണത്തെ സ്വാഗതം ചെയ്ത് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. വിഷയം ചര്‍ച്ച ചെയ്ത് മാത്രമേ പരിഹരിക്കാന്‍ കഴിയൂ എന്ന് സുപ്രീം കോടതി നിരീക്ഷിച്ചിരുന്നു. സുപ്രീം കോടതിയുടെ ഈ തീരുമാനത്തെ യോഗിയും സ്വാഗതം ചെയ്യുകയായിരുന്നു.
അയോധ്യ പ്രശ്‌നത്തില്‍ സര്‍ക്കാരിന്റെ സഹായവും സഹകരണവും ഏത് ഘട്ടത്തില്‍ ലഭിച്ചാലും തങ്ങളും അതിന് തയ്യാറാണെന്ന് യോഗി പറഞ്ഞു. കഴിഞ്ഞ മാര്‍ച്ച് 21ന് സുപ്രീം കോടതി നടത്തിയ നിരീക്ഷണത്തില്‍ അയോധ്യ തര്‍ക്കം കോടതിക്ക് പുറത്ത് സമവായത്തിലൂടെ മാത്രമേ പരിഹരിക്കാന്‍ കഴിയൂ എന്നും വിഷയത്തില്‍ മധ്യസ്ഥത നില്‍ക്കാന്‍ തയ്യാറാണെന്നും കോടതി വ്യക്തമാക്കിയിരുന്നു.
ആര്‍എസ്എസ് മുഖപത്രം പാഞ്ചജന്യത്തിന് നല്‍കിയ അഭിമുഖത്തില്‍ അറവുശാലകള്‍ പൂട്ടുന്ന വിഷയത്തെ പറ്റിയും യോഗി വാചാലനായി. അറവുശാലകള്‍ പൂട്ടുന്നതിനെതിരെ ഉണ്ടാകുന്ന പ്രതിഷേധങ്ങളെ എതിര്‍ത്ത യോഗി അലഹബാദ് ഹൈക്കോടതിയുടെ ഉത്തരവ് പ്രകാരമുള്ള നടപടികളാണ് യുപി സര്‍ക്കാര്‍ പ്രവര്‍ത്തിച്ചു പോരുന്നതെന്നും വ്യക്തമാക്കി. യുപി മുഖ്യമന്ത്രിയായി അധികാരത്തിലേറിയ ശേഷം ആദ്യമായാണ് യോഗി അഭിമുഖത്തില്‍ പങ്കെടുക്കുന്നത്.
















