ന്യൂദല്‍ഹി: രാജ്യത്തെ മൊബൈല്‍ നെറ്റ്വര്ക്കുകളില് ഏറ്റവും വേഗത റിലയന്‍സ് ജിയോയ്ക്കെന്ന് ട്രായ്. മറ്റ് കണക്ഷനുകളേക്കാള്‍ ഇരട്ടി വേഗത്തിലാണ് ജിയോയില്‍ ഡൗണ്‍ലോഡ് ചെയ്യുന്നത്. പ്രതിമാസ ശരാശരി നെറ്റ്വര്‍ക്ക് വേഗത സംബന്ധിച്ച് ട്രായ് നടത്തിയ കണക്കെടുപ്പിലാണ് ഇത് വ്യക്തമായത്.
അതേസമയം ജനുവരിയില്‍ 17.42 എംബിപിഎസ് ആയിരുന്ന ജിയോയുടെ വേഗത 16.48 ആയി കുറഞ്ഞിട്ടുണ്ട്. എങ്കിലും ഡൗണ്‍ലോഡിങ്ങില്‍ ഐഡിയ, എയര്‍ടെല്‍ എന്നിവയെ അപേക്ഷിച്ച് ഇരട്ടി വേഗതയിലാണ് ജിയോ കണക്ഷനുകള്‍ പ്രവര്‍ത്തിക്കുന്നതെന്നാണ് ട്രായിന്റെ കണക്കുകള്‍ വ്യക്തമാകുന്നത്. ഈ വേഗതയില്‍ ഒരു സിനിമ അഞ്ച് മിനുട്ട് കൊണ്ട് ഡൗണ്‍ലോഡ് ചെയ്യാനാവും. ഫെബ്രുവരി മാസത്തെ കണക്കു പ്രകാരം ജിയോയുടെ എതിരാളികളായ ഐഡിയയുടെ വേഗത 8.33 എംബിപിഎസും, എയര്‍ടെല്ലിന്റേത് 7.66 എംബിപിഎസുമാണ്.
അതേസമയം ജനുവരിയിലേതിനെ അപേക്ഷിച്ച് ഫെബ്രുവരിയില്‍ ഐഡിയയുടേയും, എയര്‍ടെല്ലിന്റേയും വേഗതയും കുറഞ്ഞിട്ടുണ്ട്. കൂടാതെ വൊഡാഫോണ്‍ ജനുവരിയില്‍ 5.66 എംബിപിഎസ് ആയിരുന്നത് 2.01 എംബിപിഎസ് ആയി കുറഞ്ഞിട്ടുണ്ട്. ബിഎസ്എന്‍എല്‍ 6.13 എംബിപിഎസ് ആയിരുന്നത് 2.89 എംബിപിഎസും ആയിട്ടുണ്ട്.
ഫെബ്രുവരിയില്‍ റിലയന്‍സ് കമ്യൂണിക്കേഷന്‍സിന്റെ വേഗത 2.67 എംബിപിഎസാണ്. ടാറ്റ ഡൊകോമോ- 2.52 എംബിപിഎസ്, എയര്സെല്ലിന്റേത് 2.01 എംബിപിഎസുമാണ്. മൈസ്പീഡ് ആപ്ലിക്കേഷന്റെ സഹായത്തോടെയാണ് ട്രായ് നെറ്റ്വര്‍ക്കുകളുടെ വേഗത അളക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: