ന്യൂദല്‍ഹി: ഇന്ത്യന്‍ ഐടി പ്രൊഫഷണലുകള്‍ക്ക് സിംഗപ്പൂര്‍ സര്‍ക്കാര്‍ വിസ നിഷേധിക്കുന്നു. തദ്ദേശവാസികള്‍ക്ക് തൊഴില്‍ നല്‍കുന്നതിന്റെ ഭാഗമായിട്ടാണ് ഈ നീക്കം.സിംഗപ്പൂരില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ കമ്പനികളോട് തദ്ദേശവാസികള്‍ക്ക് നിയമനം നല്‍കാന്‍ സര്‍ക്കാര്‍ അവശ്യപ്പെട്ടിട്ടുണ്ട്. ഇതിനെ തുടര്‍ന്ന് ചില കമ്പനികള്‍ മറ്റു രാജ്യങ്ങളിലേക്ക് പ്രവര്‍ത്തനം മാറ്റുമെന്ന് സൂചനയുണ്ട്.
2016 മുതല്‍ ഇവിടുത്തെ ഇന്ത്യന്‍ കമ്പനികള്‍ ഈ പ്രശ്‌നം അഭിമുഖീകരിച്ചുവരുകയായിരുന്നു. കഴിഞ്ഞ വര്‍ഷത്തിന്റെ തുടക്കം മുതല്‍ ഇതു സംബന്ധിച്ച സര്‍ക്കാര്‍ നിര്‍ദേശം ലഭിച്ചിരുന്നതായി നാസ്‌കോം പ്രസിഡന്റ് ആര്‍. ചന്ദ്രശേഖര്‍ പറഞ്ഞു.
തദേശവാസികള്‍ക്ക് ജോലി ലഭിക്കുന്നതിനായി വിദേശ ജോലിക്കാരെ നിയന്ത്രിക്കുന്ന നിലപാട് അടുത്തിടെ അമേരിക്ക ശക്തമാക്കിയിരുന്നു. സിംഗപ്പൂരും ഈ പാതയിലാണെന്നാണ് സംഭവം സൂചിപ്പിക്കുന്നത്.
ചില സാമ്പത്തിക മാനദണ്ഡങ്ങളുടെ ഭാഗമായാണ് ഇന്ത്യന്‍ ഐടി പ്രൊഫഷണലുകള്‍ക്ക് വിസ നിഷേധിക്കുന്നതെന്നാണ് അധികൃതരുടെ ഭാഷ്യം. എന്നാല്‍ ഇതു ഇരുരാജ്യങ്ങളും തമ്മിലുളള കരാറിന്റെ ലംഘനമാണെന്ന് പേരു വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു ഇന്ത്യന്‍ ഓഫീസര്‍ പറഞ്ഞു.
















