തിരുവനന്തപുരം: മുന്‍മന്ത്രി എ.കെ.ശശീന്ദ്രന്റെ രാജിക്കിടയാക്കിയ അശ്ളീല ഫോണ്‍വിളി വിവാദ കേസില്‍ ചാനല്‍ മേധാവി ഉള്‍പ്പെടെയുള്ള പ്രതികള്‍ അന്വേഷണ സംഘത്തിനു മുന്‍പാകെ ചോദ്യം ചെയ്യലിനു ഹാജരായി.
ചാനല്‍ മേധാവി സാജന് വര്‍ഗീസ്, ചാനല്‍ സിഇഒ ആര്.അജിത് കുമാര്‍ അടക്കം എട്ടു പ്രതികളാണു ഇന്നലെ രാവിലെ ക്രൈംബ്രാഞ്ച് ആസ്ഥാനത്തെത്തി അന്വേഷണ ഉദ്യോഗസ്ഥന് ദിനേന്ദ്ര കശ്യപ് മുന്‍പാകെ ഹാജരായത്.
കേസില്‍ ഒമ്പതു പ്രതികളാണുള്ളത്. ഫോണ്‍വിളിച്ച ചാനല്‍ പ്രവര്‍ത്തക ഹാജരായില്ല. അനാരോഗ്യം മൂലം എത്താനാകില്ലെന്ന് അറിയിക്കുകയായിരുന്നു. എന്നാല്‍ ഫോണ്‍വിളി വിവാദത്തെ തുടര്‍ന്ന് ഫേസ്ബുക്കിലൂടെ പ്രതികരിക്കുകയും ചാനലില്‍ നിന്നു രാജിവയ്ക്കുകയും ചെയ്ത ജീവനക്കാരി ഇന്നലെ മൊഴി നല്‍കാനായി ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് എത്തിയിരുന്നു.
രാവിലെ തുടങ്ങിയ ചോദ്യം ചെയ്യലും മൊഴിയെടുക്കലും രാത്രി വൈകിയും തുടര്‍ന്നു. പ്രതികളോടു ചോദ്യം ചെയ്യലിന് എത്താന്‍ അന്വേഷണ സംഘം നോട്ടീസ് നല്‍കിയിരുന്നു.
മുന്‍കൂര്‍ ജാമ്യത്തിനായി പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചെങ്കിലും അന്വേഷണവുമായി സഹകരിക്കാന്‍ കോടതി നിര്‍ദേശിച്ചിരുന്നു. ഇതേതുടര്‍ന്നാണ് പ്രതികള്‍ അന്വേഷണ ഉദ്യോഗസ്ഥനുമുമ്പാകെ ഹാജരായത്.
അതേസമയം തന്റെ മൊബൈല്‍ ഫോണും ലാപ്ടോപ്പും മോഷണം പോയതായി ചാനല്‍ സിഇഒ അജിത്കുമാര്‍ തിങ്കളാഴ്ച രാത്രി മ്യൂസിയം പോലീസ് സ്റ്റേഷനില്‍ പരാതി നല്കി.
ശാസ്തമംഗലത്തെ ഹോട്ടലില്‍ നിന്നും ഭക്ഷണം കഴിച്ച് മടങ്ങി വന്നപ്പോള്‍ കാറില്‍ സൂക്ഷിച്ചിരുന്ന ലാപ്ടോപ്പും മൊബൈലും മോഷണം പോയെന്നാണ് പരാതി.
















