കൊല്ലം: കരുനാഗപ്പള്ളിയില്‍ പന്ത്രണ്ടുകാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ പിടിയിലായ ആള്‍ ആര്‍എസ്എസുകാരനാണെന്ന വ്യാജപ്രചാരണം നടത്തിയ ദേശാഭിമാനിക്കും ജനയുഗത്തിനുമെതിരെ ആര്‍എസ്എസ് നിയമനടപടി സ്വീകരിക്കും.
പ്രതി രഞ്ചു മാര്‍ക്‌സിസ്റ്റ് കുടുംബത്തിലെ അംഗമാണ്. അയാളെ കസ്റ്റഡിയില്‍ നിന്ന് മോചിപ്പിക്കാന്‍ പോലീസ് സ്റ്റേഷനുകളില്‍ ഇടപെട്ടത് സിപിഎം നേതാക്കളായിരുന്നു.
എന്നാല്‍ ഇയാള്‍ ക്ഷേത്രപൂജാരിയാണെന്നും ആര്‍എസ്എസ്മു ഖ്യശിക്ഷകനാണെന്നുമൊക്കെയാണ് സിപിഎമ്മിന്റെയും സിപിഐയുടെയും മുഖപത്രങ്ങള്‍ പ്രചരിപ്പിച്ചത്. ടു വീലര്‍ വര്‍ക്ക്‌ഷോപ്പില്‍ ജീവനക്കാരനായ പ്രതി പൂജകള്‍ക്ക് സഹായിയായി പോകുമായിരുന്നു എന്നതിനെയാണ് പൂജാരിയെന്ന നിലയില്‍ പത്രങ്ങള്‍ വളച്ചൊടിച്ചത്.
വാര്‍ത്ത തിരുത്തി മാപ്പ് പ്രസിദ്ധീകരിച്ചില്ലെങ്കില്‍ മാനനഷ്ടത്തിനും നഷ്ടപരിഹാരത്തിനും കേസ് ഫയല്‍ ചെയ്യാനാണ് ആര്‍എസ്എസ് തീരുമാനം. സംഘടനയെ അപകീര്‍ത്തിപ്പെടുത്തുന്ന വാര്‍ത്ത പ്രസിദ്ധീകരിച്ച പത്രങ്ങള്‍ക്കെതിരെ പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യക്ക് പരാതി നല്‍കാനും ആര്‍എസ്എസ് ജില്ലാ കാര്യകാരി തീരുമാനിച്ചു.
















