തിരുവനന്തപുരം: ആദ്യ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ വജ്ര ജൂബിലി ആഘോഷം ബിജെപി ബഹിഷ്‌കരിക്കും. ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ഒ. രാജഗോപാല്‍ എംഎല്‍എ അറിയിച്ചു. മാതൃത്വത്തിന് വില കല്‍പ്പിക്കാത്ത സര്‍ക്കാര്‍ നടത്തുന്ന ആഘോഷങ്ങളില്‍ ഒരര്‍ഥവും ഇല്ലാത്തതിനാലാണ് പങ്കെടുക്കാത്തതെന്നും ഒ. രാജഗോപാല്‍ പറഞ്ഞു.
ബൈജുവിനെ സസ്‌പെന്‍ഡ് ചെയ്യണം
തിരുവനന്തപുരം: ജിഷ്ണുവിന്റെ അമ്മ മഹിജയെ അറസ്റ്റ് ചെയ്യുന്ന വേളയിലും പോലീസ് വാഹനത്തില്‍ വച്ചും മര്‍ദ്ദിക്കുകയും അവഹേളിക്കുകയും അപമാനിക്കുകയും ചെയ്ത പോലീസ് ഓഫീസര്‍ കെ.ഇ. ബൈജുവിനെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് ബിജെപി ആവശ്യപ്പെട്ടു. നിരപരാധിയായ ജിഷ്ണുവിന്റെ അമ്മയെ ആക്രമിച്ച പോലീസ് കേരള സര്‍വകലാശാലാ സ്റ്റുഡന്റ്‌സ് സര്‍വീസ് ഡയറക്ടര്‍ ഡോ ടി. വിജയലക്ഷ്മിയുടെ നേര്‍ക്ക് സിന്‍ഡിക്കേറ്റംഗത്തിന്റെ നേതൃത്വത്തില്‍ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കൊലവിളി നടത്തിയതിനെതിരെ കേസെടുക്കാന്‍ പോലും തയ്യാറായിട്ടില്ല.
പോലീസ് ആസ്ഥാനത്തേക്ക്
യുവമോര്‍ച്ചയുടെ മാര്‍ച്ച്
തിരുവനന്തപുരം: ജിഷ്ണുവിന്റെ കുടുംബത്തിനുനേരെ പോലീസ് നടത്തിയ ആക്രമണത്തില്‍ പ്രതിഷേധിച്ച് യുവമോര്‍ച്ച പോലീസ് ആസ്ഥാനത്തേക്ക് മാര്‍ച്ച് നടത്തി. ബിജെപി സംസ്ഥാന സെക്രട്ടറി സി.ശിവന്‍കുട്ടി മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. നീതിക്കുവേണ്ടി അലയുന്ന മാതാവിനെ റോഡിലിട്ട് വലിച്ചിഴച്ച നിഷ്ടൂര ഭരണമാണ് പിണറായിയുടേത്. ജിഷ്ണുവിന് നീതി കിട്ടുന്നത് വരെ സമരവുമായി മുന്നോട്ട് പോകുമെന്നും സി.ശിവന്‍കുട്ടി പറഞ്ഞു. ജില്ലാ പ്രസിഡന്റ് ജെ.ആര്‍. ആനുരാജ്, സംസ്ഥാന ട്രഷറര്‍ ആര്‍.എസ്.സമ്പത്ത് തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി. മാര്‍ച്ചിന് നേരെ പോലീസ് ജലപീരങ്കി പ്രയോഗിച്ചു.
ഡിജിപിക്ക് വിഎസിന്റെ ശകാരം
തിരുവനന്തപുരം: പോലീസ് ആസ്ഥാനത്തിനുമുന്നില്‍ സമരം നടത്താനെത്തിയ ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയെയും കുടുംബാംഗങ്ങളേയും മര്‍ദ്ദിച്ച പോലീസ് നടപടിയുടെ പേരില്‍ ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ്. അച്യുതാനന്ദന്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ ഫോണില്‍ വിളിച്ചു ശകാരിച്ചു.
കുറ്റക്കാരെ പിടികൂടുന്നതില്‍ അമാന്തം കാണിക്കുന്ന പോലീസ് പരാതി പറയാന്‍ വരുന്നവരെ അറസ്റ്റ് ചെയ്യുകയാണോയെന്ന് ഡിജിപിയോട് ചോദിച്ചു. ഇതാണോ പോലീസിന്റെ രീതിയെന്ന് ചോദിച്ച വിഎസ് തെരഞ്ഞെടുപ്പ് സമയത്ത് സര്‍ക്കാരിനെ നാറ്റിക്കാനാണോ ശ്രമിക്കുന്നതെന്നും ചോദിച്ചു. ഡിജിപി മറുപടി പറയാന്‍ ശ്രമിച്ചെങ്കിലും വിഎസ് ഫോണ്‍ കട്ട് ചെയ്യുകയായിരുന്നു.
















