ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയോടു പോലീസ് കാട്ടിയ ക്രൂരതയ്‌ക്ക് സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനങ്ങള്‍. ഓരോ വാക്കിലും രോഷം കത്തി നിന്നു. ചിലര്‍ മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ചു. മുഖ്യമന്ത്രിയായപ്പോള്‍ ഇരട്ടച്ചങ്കന്‍ എന്നു വാഴ്‌ത്തിയവര്‍ ഇപ്പോള്‍ യാഥാര്‍ഥ്യം തിരിച്ചറിഞ്ഞവരെപ്പോലെ എന്തു ചെയ്യണം എന്നറിയാതെ നില്‍ക്കുന്നു.
കഴിഞ്ഞ വിഷുവിന് കണികാണുമ്പോള്‍ ദൈവങ്ങളുടെ ചിത്രങ്ങള്‍ക്കൊപ്പം പിണറായി വിജയന്റേയും ചിത്രം വേണമെന്ന് അമ്മയോടു പറഞ്ഞ ജിഷ്ണു മറ്റൊരു വിഷുവിന് ഈ ലോകത്തില്ല എന്ന് ചിലര്‍ ഓര്‍മിപ്പിച്ചു.
ഒരു വിഷു കൂടി വരവായി. കഴിഞ്ഞ വിഷുവിനു ജിഷ്ണു കണികണ്ട മുഖം ഏത് കാലന്റേത് ആയിരുന്നു ? എന്നാണ് അഭിലാഷ് ജി. നായരുടെ പോസ്റ്റ്. നെറ്റിയിലെ ചന്ദനക്കുറിയോ, തലയിലെ തട്ടമോ, കഴുത്തിലെ കുരിശോ എന്നു നോക്കാതെ സ്‌നേഹിക്കുന്നവന്‍ ആരാണോ അവനാണ് കമ്യൂണിസ്റ്റ് എന്ന് കഴിഞ്ഞ വര്‍ഷം ജിഷ്ണു ഫേസ്ബുക്കില്‍ കുറിച്ച വാചകങ്ങള്‍ ഇന്നലെ ചിലര്‍ ഓര്‍മിപ്പിച്ചു.പിണറായി വിജയന്‍ അധികാരത്തിലേറിയപ്പോള്‍ അഭിമാനം തോന്നുന്നു ഇരട്ടചങ്കുള്ള ജനനേതാവിനെ ഓര്‍ത്ത് എന്ന് ജിഷ്ണു ഫെയ്‌സ്ബുക്കില്‍ കുറിച്ച വാക്കുകളും ഇന്നലെ പലരും റീ പോസ്റ്റ് ചെയ്തു.
ഓരോ ദിവസം കഴിയുന്തോറും. ഉളുപ്പില്ലായ്‌മയുടെ ഊരാളന്മാരാവുകയാണ് നമ്മുടെ ഗവര്‍മ്മെന്റെന്ന് നടന്‍ ജോയി മാത്യു പോസ്റ്റിട്ടു. ഒരു മന്ത്രിയുടെ നിരപരാധിത്വം തെളിയിക്കാന്‍ തിടുക്കപ്പെട്ട് ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച സര്‍ക്കാരിനു മുന്നില്‍ ജിഷ്ണുവിന്റെ അമ്മയ്‌ക്കു നീതി നിഷേധിക്കുകയാണെന്ന് ജോയി മാത്യു കുറ്റപ്പെടുത്തുന്നു. അടിയന്തരാവസ്ഥയില്‍ പോലീസ് ഉരുട്ടിക്കൊന്ന രാജനെപ്പോലുള്ള രക്തസാക്ഷികളെ വില്‍പ്പനക്ക് വെച്ച് അധികാരത്തിലേറിയ ഇടതുപക്ഷം ഇപ്പോഴിതാ ജിഷ്ണുവിന്റെ അമ്മക്ക് നീതി നിഷേധിക്കുന്നു. നീതിക്കു വേണ്ടി പോരാടുന്ന മകന്‍ നഷ്ടപ്പെട്ട ഒരമ്മയ്‌ക്ക് പോലീസ് മര്‍ദ്ദനവും ജയിലും. വിശേഷാല്‍ അറിയിപ്പ്…. ലോക തോല്‍വിയെന്നാല്‍ ഇന്നു മുതല്‍ പിണറായി വിജയന്‍ എന്നാകും…എന്നാണ് മറ്റൊരു പോസ്റ്റ്.
രോഹിത് വെമൂലയുടെ അമ്മയെ വേദിയില്‍ പൊന്നാട അണിയിച്ചവര്‍,ജിഷ്ണുവിന്റെ അമ്മയെ തെരുവില്‍ വലിച്ചിഴയ്‌ക്കുന്നു. രണ്ടും മറക്കരുത് പ്രബുദ്ധ കേരളം, എന്ന അടിക്കുറിപ്പോടെ രണ്ടു ചിത്രങ്ങളും പോസ്റ്റ് ചെയ്തിരിക്കുന്നു ചിലര്‍. ജിഷ്ണുവിന്റെ അമ്മയുടെ അറസ്റ്റിനോട് ചാനല്‍ ചര്‍ച്ചയില്‍ വളരെ പരിഹാസത്തോടെ പ്രതികരിച്ച എ.എന്‍. ഷംസീറും സോഷ്യല്‍മീഡിയയില്‍ കടുത്ത വിമര്‍ശം ഏറ്റുവാങ്ങി. മരിച്ചവരെല്ലാം മരിച്ചവരല്ല ഷംസീറേ…താങ്കളും വിളിച്ചിട്ടുള്ളതുപോലെ അവര്‍ ജീവിക്കുന്നു മറ്റുള്ളവരിലൂടെ…ജിഷ്ണുവും ജീവിച്ചിരിപ്പുണ്ട്; അവന്റെ അമ്മയിലൂടെ, അച്ഛനിലൂടെ, ബന്ധുക്കളിലൂടെ, കൂട്ടുകാരിലൂടെ, നാട്ടുകാരിലൂടെ…മറക്കരുത്, എന്നാണ് ഷംസീറിനെ ഓര്‍മിപ്പിക്കുന്നത്.
പിണറായി വിജയന്റെ ഫേസ്ബുക്ക് പേജില്‍ വിമര്‍ശങ്ങള്‍ പെരുകുകയാണ്.
ഭരിക്കാനറിയില്ലെങ്കില്‍ ആഭ്യന്തര വകുപ്പ് ഒഴിഞ്ഞു കൊടുക്കണം സാര്‍, എന്നു തുറന്നു പറഞ്ഞിരിക്കുന്നു പലരും.
















