തിരുവനന്തപുരം: ജിഷ്ണുവിന്റെ അമ്മയ്‌ക്കെതിരെ നടന്ന ക്രൂരമര്‍ദ്ദനത്തെ ന്യായീകരിച്ചുകൊണ്ട് ഐ.ജി മനോജ് എബ്രഹാം ഡിജിപിക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. പോലീസ് അതിക്രമത്തിന് തെളിവില്ലെന്നും ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സമരക്കാരെ ആരെയും പോലീസ് മര്‍ദ്ദിക്കുകയോ തള്ളിയിടുകയോ ചെയ്തിട്ടില്ല. ജിഷ്ണുവിന്റെ അമ്മാവന്‍ ശ്രീജിത്തിനെ സ്ഥലത്തുനിന്ന് മാറ്റാനാണ് പോലീസ് ബലപ്രയോഗത്തിലൂടെ ശ്രമിച്ചത്. ഈസമയം ശ്രീജിത്തിന്റെ കാലില്‍ മഹിജ പിടിച്ചു. ഇതിനിടെ മഹിജ സ്വയം നിലത്തുവീഴുകയായിരുന്നു. അവര്‍ക്ക് മുകളിലേക്ക് വനിതാ അഭിഭാഷകയും വീഴുകയാണ് ഉണ്ടായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
സുരക്ഷാ കാരണങ്ങളാലാണ് 16പേരടങ്ങിയ ആള്‍ക്കൂട്ടത്തെ ഡി.ജി.പിയുടെ ഓഫീസിലേക്ക് കടത്തിവിടാതിരുന്നത്. കുടുംബാംഗങ്ങളുടെയും പോലീസുകാരുടെയും മൊഴി രേഖപ്പെടുത്തിയെന്നും ഐ.ജി വ്യക്തമാക്കി. മഹിജയുടെ മാതാപിതാക്കളുടെയും ബന്ധുക്കളുടെയും ചികിത്സാരേഖകളും റിപ്പോര്‍ട്ടിനൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്.
സമരക്കാരെ ഒഴിപ്പിക്കുന്നതില്‍ ഉദ്യോഗസ്ഥര്‍ക്ക് തെറ്റ് പറ്റിയോയെന്ന് പരിശോധിക്കേണ്ടിയിരിക്കുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ട് ഡിജിപി മുഖ്യമന്ത്രിക്ക് സമര്‍പ്പിക്കും. അതേസമയം ഐജിയുടെ റിപ്പോര്‍ട്ട് സ്വീകാര്യമല്ലെന്ന് ജിഷ്ണുവിന്റെ അമ്മ മഹിജ പറഞ്ഞു.
















