കോഴിക്കോട്: ജിഷ്ണു പ്രണോയിയുടെ ദുരൂഹ മരണത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ നടപടികളെടുക്കണമെന്നാവശ്യപ്പെട്ട് ഡിജിപി ആസ്ഥാനത്തേക്ക് വന്ന അമ്മ മഹിജയുടെ കൂടെ ചിലര്‍ നുഴഞ്ഞുകയറി സംഘര്‍ഷം സൃഷ്ടിക്കുകയായിരുന്നുവെന്ന് സിപിഎം മുഖപത്രത്തിന്റെ നുണവാര്‍ത്ത തിരിച്ചടിയാകുന്നു.
‘ബിജെപിയുടെ കോഴിക്കോട്ടെ പ്രാദേശിക മണ്ഡലം പ്രസിഡന്റ് കുഞ്ഞിക്കണ്ണന്‍ സമരത്തില്‍ നുഴഞ്ഞുകയറി’ എന്നാണ് ദേശാഭിമാനിയുടെ ഒന്നാം പേജ് വാര്‍ത്ത. ജിഷ്ണുപ്രണോയിയുടെ അച്ഛന്‍ അശോകന്റെ സഹോദരീഭര്‍ത്താവാണ് സംഘത്തിലുണ്ടായിരുന്ന കെ.ടി. കുഞ്ഞിക്കണ്ണന്‍. ജിഷ്ണുവിന്റെ ദുരന്ത മരണത്തിന് ശേഷം ആ കുടുംബത്തിന്റെ കൂടെ ഉണ്ടായ കുഞ്ഞിക്കണ്ണനെയാണ് നുഴഞ്ഞുകയറ്റക്കാരനായി പാര്‍ട്ടി പത്രവും മുഖ്യമന്ത്രിയും വിശേഷിപ്പിച്ചത്.
പോലീസും സര്‍ക്കാരും കുടുംബത്തെ കൈവിട്ടപ്പോള്‍ എന്തുചെയ്യണമെന്നറിയാതെ പകച്ചുപോയ അശോകനും മഹിജക്കും താങ്ങായി നിന്നത് നാട്ടുകാരും അടുത്ത കുടുംബക്കാരുമായിരുന്നു. അതില്‍ രാഷ്‌ട്രീയ ഭേദമില്ലാതെ എല്ലാവരും പങ്കെടുത്തു. തിരുവനന്തപുരത്തേക്ക് പോയ 16 അംഗ സംഘത്തില്‍ സിഐടിയു ജില്ലാ കമ്മിറ്റി അംഗം എന്‍.പി. അശോകന്‍, സിപിഎം മെമ്പര്‍ ദിനേശന്‍ എന്നിവരുമുണ്ടായിരുന്നു. മഹിജയുടെ സഹോദരനും ദേശാഭിമാനി വടകര ബ്യൂറോ ജീവനക്കാരനുമായ കെ.കെ. ശ്രീജിത്താണ് സംഘത്തിലുണ്ടായിരുന്ന മറ്റൊരു പ്രധാന അംഗം.
ജിഷ്ണുവിന്റെ അടുത്ത കുടുംബാംഗങ്ങളടങ്ങിയ സംഘത്തെയാണ് പിണറായി സര്‍ക്കാരിനെ അട്ടിമറിക്കാനിറങ്ങിയ നുഴഞ്ഞുകയറ്റ സംഘമായി സിപിഎമ്മും പാര്‍ട്ടി പത്രവും വിശേഷിപ്പിക്കുന്നത്. ‘അതീവ സുരക്ഷാ പ്രദേശമായ ഡിജിപി ആസ്ഥാനത്തേക്ക്’ കുടുംബത്തോടൊപ്പം നുഴഞ്ഞുകയറ്റ സംഘവുമെത്തിയെന്നതാണ് ദേശാഭിമാനിയും സിപിഎമ്മും കണ്ടെത്തിയിരിക്കുന്നത്. ഹിമവല്‍ ഭദ്രാനന്ദയോ, വി. എസ്.അച്യുതാനന്ദന്റെ മുന്‍ പ്രൈവറ്റ് സെക്രട്ടറി ഷാജഹാനോ കുടുംബക്കാരെ അറിയിച്ചല്ല സ്ഥലത്തെത്തിയത്. എന്നാല്‍ ഇത് ചൂണ്ടിക്കാണിച്ചുകൊണ്ടാണ് സിപിഎം പത്രം മഹിജയുടെ കുടുംബത്തെ നേരിടുന്നത്.
ജിഷ്ണുപ്രണോയിയുടെ സഹോദരി അവിഷ്ണയുടെ നിരാഹാരത്തോടനുഭാവം പ്രകടിപ്പിച്ച് നാട്ടുകാര്‍ ഇന്ന് വീട്ടില്‍ അനുഭാവ സത്യാഗ്രഹം നടത്തും. സിപിഎം മഹിജയുടെ കുടുംബത്തിനെതിരെ നീക്കങ്ങള്‍ നടത്തുമ്പോഴും പ്രാദേശികമായി നാട്ടുകാര്‍ മുഴുവന്‍ കുടുംബത്തോടൊപ്പം നില്‍ക്കുകയാണ്.ഇതും സിപിഎമ്മിനെ വെട്ടിലാക്കിയിരിക്കുകയാണ്.
















