തിരുവനന്തപുരം: ജിഷ്ണുവിന്റെ മരണം സംബന്ധിച്ച കേസ് അന്വേഷിക്കാന്‍ പുതിയ പ്രത്യേകസംഘത്തെ ഡിജിപി നിയോഗിച്ചു. ക്രൈംബ്രാഞ്ച് എഡിജിപി നിഥിന്‍ അഗര്‍വാളിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷിക്കുക. മറ്റംഗങ്ങളെ എഡിജിപി നിയോഗിക്കും. നേരത്തെ ഇതിനായി രൂപീകരിച്ച എസ്പി അക്ബറിന്റെ ടീം എഡിജിപിയുടെ ടീമിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിപ്പിക്കും.
എല്ലാ പ്രതികളെയും രണ്ടാഴ്ചയ്‌ക്കകം പിടികൂടണമെന്ന കര്‍ശനനിര്‍ദ്ദേശം ഡിജിപി നല്‍കിയിട്ടുണ്ട്. തിരുവനന്തപുരത്തു ചേര്‍ന്ന ഉന്നത ഉദ്യോഗസ്ഥരുടെ യോഗത്തിലാണ് പുതിയ സംഘത്തിന് രൂപം നല്‍കിയത്. ഒളിവില്‍പോയ പ്രതികളെ കണ്ടെത്താന്‍സഹായം നല്‍കാന്‍ എല്ലാ സംസ്ഥാനങ്ങളിലെയും ഡിജിപിമാര്‍ക്ക് ഡിജിപി കത്തയച്ചു. പ്രതികളുടെ അറസ്റ്റിലേക്ക് നയിക്കുന്ന വിവരങ്ങള്‍ നല്‍കുന്നവര്‍ക്ക് ഒരുലക്ഷം രൂപ പാരിതോഷികവും പ്രഖ്യാപിച്ചു.
ടീമംഗങ്ങള്‍ക്ക് കേസ് അന്വേഷണത്തിന്റെ ഭാഗമായി ഡിജിപിയുടെ മുന്‍കൂര്‍ അനുമതിയില്ലാതെ ഇന്ത്യയില്‍ എവിടെയും പോകുന്നതിനുള്ള സ്വാതന്ത്ര്യവും നല്‍കി. ഒളിവില്‍ പോയവരെ പ്രഖ്യാപിത കുറ്റവാളികളായി പ്രഖ്യാപിച്ച് അവരുടെ സ്വത്ത് കണ്ടുകെട്ടുന്നതിനുള്ള നടപടി വേഗത്തിലാക്കും.
നെഹ്‌റു ഗ്രൂപ്പ് ഓഫ് എജ്യുക്കേഷണല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍ ചെയര്‍മാന്‍ പി. കൃഷ്ണദാസാണു കേസിലെ ഒന്നാംപ്രതി.
നെഹ്‌റു കോളേജ് വൈസ് പ്രിന്‍സിപ്പാള്‍ ഡോ എന്‍.കെ. ശക്തിവേല്‍, കോളേജ് ആഭ്യന്തര ഇന്‍വിജിലേറ്റര്‍ അസിസ്റ്റന്റ് പ്രൊഫസര്‍ സി.പി. പ്രവീണ്‍, പിആര്‍ഒ സഞ്ജിത്ത് വിശ്വനാഥന്‍, കോളജിലെ പരീക്ഷാചുമതലയുള്ള അധ്യാപകന്‍ ദിപിന്‍ എന്നിവര്‍ രണ്ടു മുതല്‍ അഞ്ചു വരെ പ്രതികളാണ്. പി. കൃഷ്ണദാസും സഞ്ജിത്തും മുന്‍കൂര്‍ ജാമ്യം നേടി. മറ്റു പ്രതികളെല്ലാം ഒളിവിലാണ്.
പുതിയ സംഘത്തെ നിയോഗിക്കുകയല്ല, കുറ്റവാളികള്‍ക്കെതിരെ നടപടിയാണ് വേണ്ടതെന്ന് ജിഷ്ണുവിന്റെ കുടുംബം പ്രതികരിച്ചു.
















