തിരുവനന്തപുരം: സംസ്ഥാനത്തെ സഹകരണ ബാങ്കുകളുടെ മൂലധന പര്യാപ്താ മാനദണ്ഡത്തില്‍ ഇളവ് അനുവദിക്കണമെന്ന ആവശ്യം അനുഭാവപൂര്‍വം പരിഗണിക്കാമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ സഹകരണമന്ത്രി കടകംപള്ളി സുരേന്ദ്രനെ അറിയിച്ചു.
മൂലധന പര്യാപ്തയുടെ കാര്യത്തില്‍ സഹകരണ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് നിശ്ചയിച്ച ഉയര്‍ന്ന മാനദണ്ഡം നടപ്പാക്കുന്നതില്‍ 2016-17 സാമ്പത്തികവര്‍ഷം ഇളവ് അനുവദിക്കണമെന്നാവശ്യപ്പെട്ട് അയച്ച കത്തിനുള്ള മറുപടിയിലാണ് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ഇക്കാര്യം അറിയിച്ചത്.
2017 മാര്‍ച്ച് 31നകം സഹകരണ ബാങ്കുകള്‍ മൊത്തം റിസ്‌ക് വെയ്റ്റഡ് ആസ്തിയുടെ ഒമ്പത് ശതമാനം മൂലധന പര്യാപ്ത കൈവരിക്കണമെന്നാണ് റിസര്‍വ് ബാങ്ക് നിര്‍ദ്ദേശം ഉണ്ടായിരുന്നത്. 2016 മാര്‍ച്ച് 31ന് ഇത് ഏഴു ശതമാനമായിരുന്നു.
സംസ്ഥാനത്തെ എല്ലാ സഹകരണ ബാങ്കുകള്‍ക്കും ഈ മാനദണ്ഡം നേടുന്നതിനു സാധിച്ചിരുന്നു. എന്നാല്‍ നോട്ടുനിരോധനവും നിയന്ത്രണവും സംസ്ഥാനത്തെ സഹകരണ ബാങ്കുകളുടെ പ്രവര്‍ത്തനത്തെ ബാധിച്ചു. ഇതേ തുടര്‍ന്നാണ് ഇളവ് പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് കത്തയച്ചത്.
















