നിലമ്പൂര്‍: യുഡിഎഫ് ഭരണസമിതിക്കെതിരെ ആരോപണവുമായി രംഗത്ത് വന്ന നിലമ്പൂര്‍ നഗരസഭയിലെ സിപിഎമ്മും സിപിഐയും രണ്ടുതട്ടില്‍. കാലങ്ങള്‍ക്ക് ശേഷം റിലയന്‍സ് കേബിള്‍ വിവാദത്തില്‍ മാത്രമാണ് നഗരസഭ കൗണ്‍സില്‍ ബോര്‍ഡില്‍ സിപിഎമ്മും, സിപിഐയും യുഡിഎഫ് ഭരണസമിതിക്കെതിരെ യോജിപ്പിലെത്തിയിരുന്നത്. അതേസമയം നഗരസഭക്ക് പുറത്ത് കേബിള്‍ വിവാദവുമായി ബന്ധപ്പെട്ട് ഒരുമിച്ച് സമരപരിപാടികള്‍ നടത്താന്‍ പോലും ഇവര്‍ക്കായില്ല.
സിപിഎമ്മിന്റെ ഇഷ്ടാനുസരണമാണ് എംഎല്‍എ പ്രവര്‍ത്തിക്കുന്നതെന്ന ആക്ഷേപവും സിപിഐക്കുണ്ട്. കഴിഞ്ഞ ദിവസം താലൂക്കില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വിതരണ ചടങ്ങുമായി സിപിഐയെ ക്ഷണിക്കാത്തതില്‍ പ്രതിഷേധിച്ച് ഇന്നലെ സിപിഐ മണ്ഡലം കമ്മിറ്റി പ്രതിഷേധവുമായി എത്തിയത് പ്രത്യക്ഷത്തില്‍ റവന്യൂ വകുപ്പിനെതിരെയല്ല. സിപിഎമ്മിനും എംഎല്എക്കുമെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായാണ് സമരം നടത്തിയത്. ഭരണം കിട്ടി ഒരുവര്‍ഷമായിട്ടും സിപിഐയെ ഉള്‍ക്കൊള്ളാന്‍ നിലമ്പൂരിലെ സിപിഎം തയ്യാറായിട്ടില്ല.
കഴിഞ്ഞ ഒന്നരവര്‍ഷത്തെ നഗരസഭാ ഭരണത്തിനിടെ റിലയന്‍സ് വിഷയത്തില്‍ മാത്രമാണ് യുഡിഎഫിനെതിരെ സമരത്തിനു വേണ്ടി ഇരുവിഭാഗത്തിന്റെയും യോജിപ്പ് കണ്ടത്. റിലയന്‍സ് കേബിള്‍ വിഷയത്തില്‍ നഗരസഭക്ക് പുറത്ത് സിപിഎമ്മും, സിപിഐയും സമരങ്ങള്‍ നടത്തിയത് മത്സരിച്ചായിരുന്നു. ഗവ. കോളജ് ആരംഭിക്കല്‍, തിയറ്ററുകളുടെ വിനോദ നികുതി തട്ടിപ്പ്, കേബിള്‍ തുടങ്ങി വിവിധ വിഷയങ്ങളും പുറംലോകത്ത് എത്തിച്ചത് സിപിഐയായിരുന്നുവെന്നതിനാലാണ് സിപിഎം കേബിള്‍ വിവാദത്തിന് മുന്നിരയിലെത്താന് വേണ്ടിയാണ് പരിപാടികള്‍ സംഘടിക്കുന്നതെന്നും സിപിഐ ആരോപിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: