ന്യൂദല്‍ഹി: ആള്‍ട്ടോയെ മറികടന്ന് രാജ്യത്ത് ഏറ്റവുമധികം വിറ്റുപോകുന്ന കാറായി മാരുതി സുസുകി സ്വിഫ്റ്റ്. ഏപ്രില്‍ മാസത്തെ കണക്കുകള്‍ പുറത്തുവന്നപ്പോഴാണ് സ്വിഫ്റ്റിന്റെ മുന്നേറ്റം വ്യക്തമായത്. ഏറ്റവുമധികം വിറ്റുപോകുന്ന പത്ത് മോഡലുകളില്‍ ഏഴെണ്ണവും മാരുതി സുസുകിയുടേതാണെങ്കില് മറ്റ് മൂന്ന് മോഡലുകള്‍ ദക്ഷിണ കൊറിയന്‍ കാര്‍ നിര്‍മ്മാതാക്കളായ ഹ്യുണ്ടായ് മോട്ടോറിന്റേതാണ്.
അടുത്ത വര്‍ഷമാദ്യം സ്വിഫ്റ്റിന്റെ പുതു തലമുറ മോഡല്‍ അവതരിപ്പിക്കാനിരിക്കുകയാണെങ്കിലും അതൊന്നും ഈ കാറിന്റെ ജനപ്രീതിയെ ഒട്ടുംതന്നെ ബാധിച്ചിട്ടില്ല. ഇക്കഴിഞ്ഞ ഏപ്രില്‍ മാസത്തില്‍ 51.98 ശതമാനം വര്‍ധനയോടെ 23,802 സ്വിഫ്റ്റ് കാറുകളാണ് വിറ്റുപോയത്. എന്‍ട്രി ലെവല്‍ കാറായ മാരുതി സുസുകി ആള്‍ട്ടോ 35.97 ശതമാനം വില്‍പ്പന വളര്‍ച്ചയോടെ രണ്ടാം സ്ഥാനത്തെത്തി.
മാരുതി സുസുകി വാഗണ്‍ആര്‍ നാലാമത്തെ ബെസ്റ്റ് സെല്ലിംഗ് മോഡലായി മാറി. ഈ വര്‍ഷം ഏപ്രിലില്‍ 16,348 വാഗണ്‍ആര്‍ വില്ക്കാന് മാരുതി സുസുകിക്ക് കഴിഞ്ഞു. കഴിഞ്ഞ വര്‍ഷം ഇതേ മാസം 15,323 യൂണിറ്റാണ് വിറ്റത്. ഹ്യുണ്ടായ് ഹാച്ച്ഹാക്കായ എലൈറ്റ് i20 അഞ്ചാം സ്ഥാനത്ത് നിലയുറപ്പിച്ചു. കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ 11,147 യൂണിറ്റാണ് വിറ്റതെങ്കില്‍ ഈ വര്‍ഷം ഏപ്രിലില്‍ 12,668 യൂണിറ്റ് വില്ക്കാന് കഴിഞ്ഞു. ഗ്രാന്റ് i10 ആറാം സ്ഥാനത്തെത്തി. 12,001 യൂണിറ്റാണ് വിറ്റുപോയത്. 2016 ഏപ്രിലില്‍ വിറ്റതാകട്ടെ 9,840 യൂണിറ്റ്.
ഏഴാം സ്ഥാനത്തെത്തിയ മാരുതി സുസുകി വിറ്റാര ബ്രെസ്സ 10,653 യൂണിറ്റും എട്ടാമത്തെ ബെസ്റ്റ് സെല്ലിംഗ് മോഡലായ ഹ്യുണ്ടായ് ക്രേറ്റ 9,213 യൂണിറ്റും വിറ്റുപോയി. ഡിസയര്‍ ടൂര്‍ ആണ് ഒമ്പതാം സ്ഥാനത്ത്. 8,606 യൂണിറ്റ് വിറ്റു. പത്താം സ്ഥാനത്ത് സെലേറിയോ ഹാച്ച്ബാക്കാണ്. 2017 ഏപ്രില്‍ മാസത്തില്‍ 8,425 സെലേറിയോ ആണ് വിറ്റത്. മാരുതി സുസുകി ഈയിടെ പുറത്തിറക്കിയ പുതിയ ഡിസയര്‍ അടുത്ത തവണ ആദ്യ അഞ്ചിലെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: