കൊച്ചി: സംസ്ഥാനത്തെ ഹൈസ്‌കൂള്‍ തലത്തില്‍ ഭിന്നശേഷി വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്നതിന് കരാര്‍ അടിസ്ഥാനത്തില്‍ ജോലി നോക്കുന്ന റിസോഴ്‌സ് അധ്യാപകരുടെ പുനര്‍ നിയമനം വൈകുന്നത് വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും ആശങ്കയിലാഴ്‌ത്തുന്നു.
സംസ്ഥാനത്തെ സ്‌കൂളുകളില്‍ ഹൈസ്‌കൂള്‍ തലത്തില്‍ ഭിന്നശേഷി വിദ്യാര്‍ത്ഥികളെ പഠിപ്പിക്കുന്നതിന് ഇന്‍ക്ലൂസീവ് എഡ്യൂക്കേഷന്‍ ഫോര്‍ ഡിസ്ഏബിള്‍ഡ് ചില്‍ഡ്രന്‍ അറ്റ് സെക്കന്ററി സ്റ്റേജ് (ഐ.ഇ.ഡി.എസ്.എസ്) റിസോഴ്‌സ് അധ്യാപകരായി 814 ഓളം പേരാണ് കരാര്‍ അടിസ്ഥനത്തില്‍ വര്‍ഷങ്ങളായി പഠിപ്പിക്കുന്നത്. മാര്‍ച്ച് 31 ന് പിരിച്ചുവിടുന്ന അധ്യാപകരെ ഏപ്രില്‍ ആദ്യ വാരം തിരിച്ചെടുക്കുകയാണ് പതിവ്.
കഴിഞ്ഞ വര്‍ഷം തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവില്‍ വന്നതിന്റെ പേരില്‍ അന്നത്തെ ഐ.ഇ.ഡി ഡെപ്യൂട്ടി ഡയറക്ടര്‍ റിസോഴ്‌സ് അധ്യാപക നിയമനം രണ്ടര മാസത്തോളം വൈകിപ്പിച്ചത് അധ്യാപകരില്‍ നിന്നും രക്ഷിതാക്കളില്‍ നിന്നും വലിയ പ്രതിഷേധം ക്ഷണിച്ചുവരുത്തിയിരുന്നു. ഏപ്രില്‍-മേയ് മാസങ്ങളിലാണ് റിസോഴ്‌സ് അധ്യാപകര്‍ക്ക് അവധിക്കാല പരിശീലനം ലഭിക്കുന്നത്.
ഭിന്നശേഷിക്കാര്‍ക്കുള്ള സ്‌കൂള്‍ തല പരിശീലന ക്യാമ്പ്, മാതാപിതാക്കള്‍ക്കുള്ള കൗണ്‍സലിംഗ് ക്ലാസ്, സ്‌കൂള്‍ തല സര്‍വ്വേ, അധ്യാപകര്‍ക്ക് ഡയറ്റ് നല്‍കുന്ന പാഠ പുസ്തക അനുരൂപീകരണ പ്രവര്‍ത്തനങ്ങള്‍, മറ്റ് സ്‌കൂള്‍ അധ്യാപകര്‍ക്കൊപ്പമുള്ള പരിശീലന ക്ലാസ് എന്നിവ ലഭിക്കുന്നതും ഇക്കാലയളവിലാണ്. കഴിഞ്ഞ വര്‍ഷം അധ്യാപക നിയമനം വൈകിയത് കാരണം അധ്യാപകര്‍ക്ക് പുതിയ പഠന പ്രക്രിയകളില്‍ പരിശീനം ലഭിക്കാതെ വിദ്യാര്‍ത്ഥികളുടെ പിന്നീടുള്ള പഠന പ്രവര്‍ത്തനങ്ങളെ സാരമായി ബാധിച്ചിരുന്നു.
മാത്രമല്ല, സംസ്ഥാനത്തെ കരാര്‍ തല റിസോഴ്‌സ് അധ്യാപകര്‍ക്ക് അനുവദിച്ചിട്ടുള്ള രണ്ട് മാസത്തെ വേതനമായ 4.6 കോടിയുടെ എം.എച്ച്.ആര്‍.ഡി (മിനിസ്ട്രി ഓഫ് ഹ്യൂമന്‍ റിസോഴ്‌സ് ഡവലപ്‌മെന്റ്) കേന്ദ്ര ഫണ്ടും പാഴായിപ്പോകുകയും ചെയ്തു. പൊതു വിദ്യാഭ്യാസ വകുപ്പില്‍ ഐ.ഇ.ഡി സെല്ലില്‍ ഡെപ്യൂട്ടി ഡയറക്ടറാണ് ഇത്തരം കാര്യങ്ങളുടെ മേല്‍നോട്ടം വഹിച്ചിരുന്നത്. എന്നാല്‍ ഒരു വര്‍ഷത്തോളമായി ഈ സ്ഥാനം ഒഴിഞ്ഞുകിടക്കുകയാണ്. പകരം ആളെ നിയമിക്കാത്തത് ഐ.ഇ.ഡി സെല്‍ പ്രവര്‍ത്തനങ്ങളുടെ ഭരണപരമായ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നത് ഭിന്നശേഷി വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും സ്‌കൂള്‍ അധികൃതരെയും ആശങ്കയിലാഴ്‌ത്തിയിരിക്കുകയാണ്.
















