ന്യൂദല്‍ഹി: ഇന്ത്യയുടെ സുരക്ഷാ ആശങ്കകള്‍ പരിഹരിക്കാന്‍ പൂര്‍ണ സഹകരണം നല്‍കുമെന്ന് ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന. സമാധാനത്തിന്റെ പാതയിലേക്കുളള ബംഗ്ലാദേശിന്റെ പ്രയാണത്തെ ഭീകരത തടസപ്പെടുത്തിയിരിക്കുകയാണെന്നും അവര്‍ ചൂണ്ടിക്കാട്ടി. നാല് ദിവസത്തെ ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയ ഹസീന ന്യൂദല്‍ഹിയില്‍ ഇന്ത്യാ ഫൗണ്ടേഷന്‍ ബോധവത്ക്കരണ പരിപാടിയില്‍ സംസാരിക്കവെയാണ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.
തീസ്ത നദീജലക്കരാരില്‍ ഉടന്‍ അന്തിമ തീരുാനമെടുക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തനിയ്‌ക്ക് ഉറപ്പ് നല്‍കിയതായും അവര്‍ പറഞ്ഞു. ഇരുരാജ്യങ്ങളും തമ്മിലുളള അതിര്‍ത്തി തര്‍ക്കങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിച്ചതായും അവര്‍ വ്യക്തമാക്കി.
പൊതു ജലവിഭവ സ്രോതസുകള്‍ ഇരുരാജ്യങ്ങളെയും കൂട്ടിയിണക്കുന്നതിന് ഏറെ പങ്ക് വഹിക്കുമെന്ന് കരുതുന്നു. മാര്‍ച്ച് 25 വംശഹത്യ ദിനമായി ആചരിക്കേണ്ടതിന്റെ ആവശ്യകത രാജ്യാന്തര സമൂഹത്തെ ബോധ്യപ്പെടുത്താനും മോദി പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് അവര്‍ അറിയിച്ചു. പാക്കിസ്ഥാന്‍ നടത്തുന്ന തീവ്രവാദ പ്രവൃത്തികളെ ഓര്‍മപ്പെടുത്താനാണ് ഇത്തരം ഒരു ദിനാചരണം സംഘടിപ്പിക്കുന്നത്.
















