കോഴിക്കോട്: പിണറായി സര്‍ക്കാറിന്റെ ഇടതുഭരണത്തില്‍ സംസ്ഥാനത്ത് നടക്കുന്നത് ഗുരുതരമായ മനുഷ്യാവകാശലംഘനങ്ങളാണെന്ന് ബിജെപി ദേശീയവക്താവ് ജി.വി.എല്‍. നരസിംഹറാവു പറഞ്ഞു. കോഴിക്കോട് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന രാഷ്‌ട്രീയഭീകരതയാണ് കേരളത്തില്‍ നടക്കുന്നത്. ക്രമസമാധാനത്തകര്‍ച്ച അതീവ ഗൗരവമുള്ളതാണ്. അക്രമരാഷ്‌ട്രീയം ക്രമാതീതമായി വര്‍ദ്ധിച്ചിരിക്കുന്നു. ഈ നില തുടര്‍ന്നാല്‍ ഒരു പാര്‍ട്ടി എന്ന നിലയില്‍ ബിജെപി ഭരണഘടനാപരമായ നടപടികള്‍ എടുക്കേണ്ടിവരുന്നതിന്റെ ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാറിനായിരിക്കും.
കേരളത്തിലും ദക്ഷിണേന്ത്യയില്‍ പൊതുവെയും ബിജെപി വന്‍ മുന്നേറ്റത്തിനൊരുങ്ങുകയാണ്. 2014ലെ തെരഞ്ഞെടുപ്പില്‍ വലിയ നേട്ടങ്ങള്‍ കൈവരിക്കാന്‍ കഴിയാത്ത മേഖലകളിലേക്ക് ബിജെപിയുടെ ശ്രദ്ധ പതിഞ്ഞുകഴിഞ്ഞു. 2019ല്‍ ഇത്തരം സ്ഥലങ്ങളില്‍ മികച്ച നേട്ടമുണ്ടാക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചു. കേരളത്തില്‍ ബിജെപി പ്രത്യേകമായി ശ്രദ്ധിക്കും. കോണ്‍ഗ്രസ് ദേശീയതലത്തില്‍ തീര്‍ത്തും ക്ഷീണിച്ച നിലയിലാണ്. ഇടതുപക്ഷത്തേക്കാള്‍ കോണ്‍ഗ്രസ് തകര്‍ന്ന് തരിപ്പണമായിരിക്കുന്നു. വിരലിലെണ്ണാവുന്ന സംസ്ഥാനങ്ങളില്‍ മാത്രമാണ് കോണ്‍ഗ്രസിന് ഭരണമുള്ളത്. ബിജെപി തുടര്‍ച്ചയായ വിജയം കരസ്ഥമാക്കിക്കൊണ്ടിരിക്കുന്നു. രാജ്യത്തെ മൂന്നില്‍ രണ്ട് ജനസംഖ്യ ബിജെപിയുടെ ഭരണത്തിന്‍കീഴിലാണ്. കോണ്‍ഗ്രസാകട്ടെ നേതാക്കള്‍ നഷ്ടപ്പെട്ട പാര്‍ട്ടിയായി മാറിയിരിക്കുന്നു. ജനപിന്തുണയുള്ള നേതാക്കള്‍ രാജിവെച്ച് ബിജെപിയിലേക്ക് വരികയാണ്. വടക്ക്-കിഴക്കന്‍ മേഖലകളിലും മറ്റ് സംസ്ഥാനങ്ങളിലും ഇത് തുടരുകയാണ്. കോണ്‍ഗ്രസ് തകരുന്ന കപ്പലാണ്. എന്നാല്‍ ശശി തരൂര്‍ ബിജെപിയിലേക്ക് വരുന്നു എന്നത് അദ്ദേഹം തന്നെ നിഷേധിച്ചിട്ടുണ്ടെന്ന് ചോദ്യത്തിനുത്തരമായി നരസിംഹറാവു പറഞ്ഞു.
ഗോസംരക്ഷണവും ഗോവധനിരോധനവും ഭരണഘടന വിഭാവനം ചെയ്യുന്നതാണ്. നിയമംമൂലം ഗോവധം നിരോധിച്ച സംസ്ഥാനങ്ങളില്‍ നിയമം നടപ്പാക്കണം. നിരോധനം നിലവില്ലാത്ത സംസ്ഥാനങ്ങളിലും നിയമം പ്രാവര്‍ത്തികമാക്കണം- അദ്ദേഹം പറഞ്ഞു. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി. ശ്രീശന്‍, സംസ്ഥാന വക്താവ് പി. രഘുനാഥ്, അഡ്വ. വി.പി. ശ്രീപദ്മനാഭന്‍, സി.പി. സതീശ് എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
















