കൊച്ചി: ആധുനിക മലയാള സാഹിത്യത്തിന് വിമര്‍ശനം കൊണ്ട് നട്ടെല്ല് പകര്‍ന്ന എഴുത്തുകാരനാണ് പ്രൊഫ. എം. അച്യുതന്‍ എന്ന് തപസ്യ കലാസാഹിത്യവേദി സംസ്ഥാന പ്രസിഡന്റ് എസ്. രമേശന്‍ നായര്‍ അഭിപ്രായപ്പെട്ടു. സമകാലികരില്‍ പലരും ദീക്ഷിച്ച താല്പര്യങ്ങള്‍ അദ്ദേഹത്തിന്റെ നിരൂപണശേഷിയെ സ്വാധീനിച്ചില്ല. ചെറുകഥയുടെ പാരമ്പര്യത്തെ സമഗ്രമായി അടുത്ത തലമുറയ്‌ക്ക് പകര്‍ന്ന അദ്ദേഹത്തിന്റെ സാഹിത്യ സംഭാവനകള്‍ക്ക് മുന്നില്‍ തപസ്യ നമസ്‌കരിക്കുന്നു.
തപസ്യ കലാസാഹിത്യവേദിയുടെ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ധീരമായി സഞ്ചരിച്ച എഴുത്തുകാരനാണ് അദ്ദേഹം. എറണാകുളത്ത് തപസ്യയുടെ സംസ്ഥാനസമ്മേളനം നടക്കുമ്പോള്‍ അതിന്റെ അമരക്കാരനായി അദ്ദേഹം സജീവമായിരുന്നു. വായനയുടെ ആഴങ്ങളെ അനുഭവിപ്പിച്ച ശ്രേഷ്ഠനായ സാഹിത്യപ്രവര്‍ത്തകനെയാണ് തപസ്യയ്‌ക്കും മലയാളത്തിനും നഷ്ടമായതെന്ന് രമേശന്‍ നായര്‍ അനുസ്മരണ സന്ദേശത്തില്‍ ചൂണ്ടിക്കാട്ടി.
















