ന്യൂദല്‍ഹി: രാജ്യത്തെ ഗതാഗത മേഖലയിലെ പരിഷ്‌ക്കരണങ്ങള്‍ക്ക് നാന്ദികുറിച്ച് മോട്ടോര്‍വാഹന ഭേദഗതി ബില്‍ ലോക്‌സഭ പാസാക്കി. ഗതാഗത മേഖലയില്‍ നൂറു ശതമാനം ഇ-ഗവേണന്‍സ്, ഡ്രൈവിംഗ് ലൈസന്‍സ് ലഭിക്കാന്‍ പുതിയ വ്യവസ്ഥകള്‍, ഗതാഗത ലംഘനത്തിന് കനത്ത പിഴ എന്നിവ പുതിയ ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു.
ഗതാഗത മേഖലയെ സമ്പൂര്‍ണ്ണമായും അഴിമതി രഹിതമാക്കാന്‍ വഴിവെയ്‌ക്കുന്നതാണ് ബില്‍. വ്യാജ ഡ്രൈവിംഗ് ലൈസന്‍സുകളും വാഹന മോഷണങ്ങളും ഇ-ഗവേണന്‍സ് നടപ്പാകുന്നതോടെ ഇല്ലാതാകുമെന്ന് കേന്ദ്രഗതാഗത മന്ത്രി നിതിന്‍ ഗഡ്ക്കരി ലോക്‌സഭയിലെ മറുപടി പ്രസംഗത്തില്‍ പറഞ്ഞു.
ശബ്ദവോട്ടോടെയാണ് ബില്‍ സഭയില്‍ പാസായത്. സിപിഎം കൊണ്ടുവന്ന ഭേദഗതി 37നെതിരെ 221 വോട്ടുകള്‍ക്കാണ് പാസായത്. നിരത്തില്‍ ജീവനുകള്‍ രക്ഷിക്കുന്നതിനായാണ് പുതിയ ബില്‍ പാസാക്കുന്നതെന്ന് ഗഡ്ക്കരി പറഞ്ഞു. പ്രതിവര്‍ഷം അഞ്ചു ലക്ഷം റോഡപകടങ്ങളാണ് സംഭവിക്കുന്നത്. ഇതില്‍ ഒന്നരലക്ഷം ജീവനുകള്‍ നഷ്ടമാകുന്നു. ബിജെപി കേന്ദ്രത്തില്‍ അഞ്ചുവര്‍ഷം തികയ്‌ക്കുമ്പോല്‍ റോഡപകടങ്ങളിലെ മരണ നിരക്ക് 50 ശതമാനം കുറയ്‌ക്കുമെന്നും ഗഡ്ക്കരി കൂട്ടിച്ചേര്‍ത്തു.
ലൈസന്‍സിന് അപേക്ഷിച്ചവരെല്ലാം ഏകീകൃത രീതിയില്‍ നടപടികള്‍ പൂര്‍ത്തീകരിക്കണം, അപേക്ഷിച്ച് മൂന്നു ദിവസത്തിനകം ലൈസന്‍സ് നല്‍കിയില്ലെങ്കില്‍ ആര്‍ടിഒ നടപടികള്‍ നേരിടണം, ലേണേഴ്‌സ് ലൈസന്‍സ് വീട്ടിലിരുന്നും ഓണ്‍ലൈനിലൂടെ നേടാനാവും തുടങ്ങിയ നിരവധി മാറ്റങ്ങളാണ് പുതിയ ബില്ല് വന്നതോടെ ഗതാഗത മേഖലയില്‍ നടപ്പാകുന്നത്.
















