ശ്രേയ പത്താം വയസ്സില്‍ അധ്യാപികയാണ്. ടി.ടി.സി. (യോഗശിരോമണി) പാസ്സായ, സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അധ്യാപിക. ആലപ്പുഴ കലവൂര്‍ വെട്ടുവേലി വെളിയില്‍ വാദ്യകലാകാരനായ സുധികുമാറിന്റെയും, രോഹിണിയുടെയും മകളാണ് ശ്രേയ ആര്. നായര്‍.
നിലവില്‍ നൂറോളം യോഗാസനങ്ങളും, 51 തരം പ്രയാസകരമായ യോഗസൂത്രങ്ങളും ശ്രേയയുടെ കൈയില്‍ ഭദ്രം. രണ്ട് വര്‍ഷമായി മുതിര്‍ന്നവരെ യോഗ ആഭ്യസിപ്പിക്കുന്നു. എറണാകുളം ചാവറ കള്‍ച്ചറല്‍ സെന്ററില്‍ ഇന്‍ഡ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സ് നടത്തിയ ‘വണ്‍ മിനിറ്റ് ടാലന്‍ഡ്’ പരിപാടിയില്‍ ശ്രേയ ശ്രദ്ധാകേന്ദ്രമായി.
ശ്രേയയുടെ യോഗയോടുള്ള യോഗം ഏറെ വിചിത്രമാണ്. ആരും പഠിപ്പിക്കാതെ, ആരെയും മാതൃകയാക്കാതെ, ശ്രേയ 45 യോഗാ ക്രമങ്ങള്‍ സ്വയം വശമാക്കി; അതും നാലാം വയസ്സില്‍. അത് യോഗ വിദ്യയാണെന്ന് ശ്രേയയും രക്ഷിതാക്കളും തിരിച്ചറിഞ്ഞതുപോലും പിന്നീടാണ്. അങ്ങനെയാണ് ആദ്യം ശ്രേയ ശ്രദ്ധേയയാകുന്നത്.
നാലാം വയസ്സില്‍ കട്ടിലില്‍ കമിഴ്ന്നു കിടന്ന് സ്വന്തം തലയില്‍ കാല്വളച്ച് മുട്ടിച്ചാണ് ശ്രേയ യോഗയിലേക്ക് ആദ്യ ചുവട് വെച്ചത്. മകളുടെ അഭ്യാസങ്ങള്‍ കണ്ട മാതാപിതാക്കള്‍ക്ക് ഒന്നും പിടിക്കിട്ടിയില്ല. അവര്‍ മകളെ കുങ്ഫു പരിശീലനത്തിനു ചേര്‍ത്തു. ഒരിക്കല്‍, സുധികുമാറിന്റെ സുഹൃത്തിന്റെ അച്ഛന് കൃഷ്ണക്കുറുപ്പാണ് കുട്ടി യോഗയുടെ പാഠങ്ങളാണ് അഭ്യസിക്കുന്നതെന്ന് തിരിച്ചറിഞ്ഞത്.
പിന്നീട് യോഗാചാര്യനായ സുരേന്ദ്രനില്‍നിന്ന് അക്കാദമിക പരിശീലനം നേടി; അതിനിടെ കുങ്ഫുവില്‍ ബ്ലാക്ക് ബെല്‍റ്റും. സ്കൂള്‍ ഒഴിവ് ദിനങ്ങളില്‍ ഗുരുവിനൊപ്പം യോഗ അഭ്യസിപ്പിക്കാന്‍ പോകും. യോഗ അധ്യാപികയായി ജോലി തുടരാനാണ് ശ്രേയയുടെ മോഹം. അച്ഛന് സമ്മതം. കലവൂര്‍ ഗവ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ഥിനിയാണ് ശ്രേയ. അനുജത്തി ശ്വേത രണ്ടില്‍.
കഴിഞ്ഞ മാസം തിരുവനന്തപുരത്ത് നടന്ന ദേശീയ യോഗ ചാമ്പ്യന്‍ഷിപ്പില്‍ സബ് ജൂനിയര്‍ വിഭാഗത്തില്‍ വെള്ളി മെഡല്‍ നേടിയതോടെയാണ് ശ്രേയ രാജ്യാന്തര തലത്തില്‍ ശ്രദ്ധിക്കപ്പെട്ടത്. അതിന് മുമ്പ് കൊല്ലത്തെ സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണം നേടിയിരുന്നു.
അധ്യാപികയാകും മുമ്പേ ശ്രേയ തന്റെ യോഗാ ചിത്രങ്ങള്‍ പ്രധാനമന്ത്രിക്കും, മുഖ്യമന്ത്രിക്കും അയച്ചു കൊടുത്തിരുന്നു. തുടര്‍ന്ന് കൊച്ചു ശ്രേയയെ തേടി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രശംസയും, അഭിനന്ദവും എത്തി. മുഖ്യമന്ത്രിയും അഭിനന്ദിച്ചു. കൂടാതെ കേന്ദ്ര സര്‍ക്കാര്‍ ആയുഷ് വകുപ്പിന്റെ യോഗഗവേഷണ കേന്ദ്രത്തിലും ശ്രേയയുടെ ചിത്രം സ്ഥാനം പിടിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: