ധാക്ക: വെറും നാലു പന്തില്‍ 92 റണ്‍സ്. ക്രിക്കറ്റിനെക്കുറിച്ച് ഏകദേശ ധാരണയുള്ളവര്‍ വരെ ഒന്നു ഞെട്ടും. 92 റണ്‍സെടുക്കാന്‍ ഇത്രയും പന്ത് മതിയോ? എന്നാല്‍, സംഗതി സത്യം. ബംഗ്ലാദേശിലെ രണ്ടാം ഡിവിഷന്‍ ക്രിക്കറ്റ് ലീഗിലാണ് ബൗളറുടെ ഈ റണ്‍ മഴ.
ആക്‌സിയം, ലാല്‍മാതിയ ക്ലബ്ബുകളുടെ പോരാട്ടത്തില്‍ ഈ അതിക്രമം. ലാല്‍മാതിയയുടെ ഓപ്പണിങ് ബൗളര്‍ സുജോണ്‍ മഹമൂദാണ് ഇത്രയും റണ്‍ വഴങ്ങി ലോക റെക്കോഡിട്ടത്. 13 വൈഡ്, 15 നോബോള്‍ സുജോണ്‍ എറിഞ്ഞു. 13 വൈഡും അഞ്ച് റണ്‍സ് സമ്മാനിച്ചു എതിരാളിക്ക്. നേരെയെറിഞ്ഞ നാലു പന്തില്‍ നിന്ന് 12 റണ്‍സും നേടി എതിര്‍ ബാറ്റ്‌സ്മാന്മാര്‍. സുജോണ്‍ എറിഞ്ഞ ആദ്യ ഓവറില്‍ തന്നെ എതിരാളികളായ ആക്‌സിയും ജയിച്ചു കയറി. ആദ്യം ബാറ്റ് ചെയ്ത ലാല്‍മാതിയ 14 ഓവറില്‍ 88 റണ്‍സാണ് എടുത്തത്.
അമ്പയറുടെ തെറ്റായ തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് സുജോണിന്റെ ഈ ‘പ്രകടനം’. ടോസ് മുതല്‍ അമ്പയര്‍ എതിര്‍ ടീമിന് അനുകൂലമായി തീരുമാനങ്ങളെടുത്തുവെന്നാണ് ആരോപണം. ടോസ് ചെയ്തപ്പോള്‍ തങ്ങളുടെ നായകനെ അതു കാണിക്കാന്‍ അമ്പയര്‍ തയാറായില്ലെന്നും അദ്ദേഹത്തിന്റെ നിര്‍ദ്ദേശമനുസരിച്ച് ബാറ്റ് ചെയ്യാന്‍ നിര്‍ബന്ധിതരായെന്നും ലാല്‍മാതിയ ജനറല്‍ സെക്രട്ടറി അദ്‌നാന്‍ ദിപോന്‍ പറഞ്ഞു. കളിക്കാരെല്ലാം 17 മുതല്‍ 19 വയസു വരെ മാത്രം പ്രായമുള്ളവരാണെന്നും അനീതി കണ്ടിരിക്കാനാകാതെ അവര്‍ പ്രതികരിച്ചതാണിതെന്നും മത്സരശേഷം അദ്‌നാന്‍ പറഞ്ഞു.
അമ്പയറിങ്ങിന്റെ പേരില്‍ ഈ ടൂര്‍ണമെന്റ് നേരത്തെയും വിവാദത്തിലായിട്ടുണ്ട്. ഫിയര്‍ ഫൈറ്റേഴ്‌സ് സ്‌പോര്‍ടിങ് ക്ലബ് ബൗളര്‍ തസ്‌നീം ഹസന്‍ ഏഴു പന്തില്‍ 69 റണ്‍സ് വഴങ്ങി പ്രതിഷേധിച്ചിരുന്നു.
















