ചാലക്കുടി: മലയാളത്തിലെ ആദ്യത്തെ ടെലി കാരിക്കേച്ചര്‍ മുന്‍ഷിയിലൂടെ മലയാളിയുടെ ഹൃദയം കവര്‍ന്ന മുന്‍ഷി വേണു ഓര്‍മ്മയായി. തിരുവനന്തപുരം വഴുതക്കാട് സ്വദേശി വേണു നാരായണന്‍(67)എന്ന മുന്‍ഷി വേണു വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് പോട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ വ്യാഴാഴ്ച പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് മരണമടഞ്ഞത്.
ഇരു വൃക്കകളും തകരാറിലായി ദീര്‍ഘനാളായി ചാലക്കുടിയിലെ പാലിയേറ്റീവ് കെയറില്‍ ചികില്‍സയിലായിരുന്നു. കഴിഞ്ഞദിവസം അസുഖം കൂടിയതോടെ സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
അവിവാഹിതനായ വേണു പത്തു വര്‍ഷമായി ചാലക്കുടിയിലെ ലോഡ്ജിലായിരുന്നു താമസം. അവസാനകാലത്ത് സാമ്പത്തികമായി ബുദ്ധിമുട്ടിലായിരുന്ന വേണു സുമനസുകളുടെ സഹായത്താലാണ് കഴിഞ്ഞിരുന്നത്. രോഗവും സാമ്പത്തിക ഞെരുക്കവും മൂലം ലോഡ്ജില്‍ നിന്നിറങ്ങേണ്ടി വന്ന വേണുവിനെ നാട്ടുകാരാണ് പാലിയേറ്റീവ് കെയറില്‍ എത്തിച്ചത്.
മുന്‍ഷിയിലെ മെമ്പറിലൂടെയാണ് ജനമനസ് കീഴടക്കിയത്. ഇതിലെ അഭിനയം കണ്ട കമലാണ് ആദ്യമായി പച്ചക്കുതിരയില്‍ ദിലീപിന്റെ കൂടെ പ്രധാന്യമുള്ള വേഷം നല്‍കിയത്. തുടര്‍ന്ന് ഛോട്ട മുംബൈ, തിളക്കം, കഥപറയുമ്പോള്‍, സ്‌നേഹ വീട് തുടങ്ങിയ അറുപതോളം സിനിമകള്‍, സീരിയലുകള്‍, ടെലിഫിലിമുകള്‍ എന്നിവയില്‍ അഭിനയിച്ചു. സിനിമകളില്‍ അഭിനയിച്ചിരുന്നെങ്കിലും താര സംഘടനയായ അമ്മയില്‍ അംഗമായിരുന്നില്ല. ഇതിനാല്‍ ഇവിടെ നിന്നുള്ള സഹായങ്ങള്‍ ഒന്നും ലഭിച്ചില്ല ഇതിനിടെ സുരേഷ് ഗോപിയുടെ കോടീശ്വരന്‍ പരിപാടിയില്‍ സിനിമ നടന്‍ അജോ വര്‍ഗ്ഗീസ് ഇദ്ദേഹത്തിന്റെ ചികിത്സക്കായി പങ്കെടുത്ത് ഒരു ലക്ഷത്തിലധികം നേടിയെങ്കിലും ബാങ്ക് അക്കൗണ്ടില്‍ പാന്‍കാര്‍ഡ് ഹാജരാക്കാത്തതിനാല്‍ പണം പിന്‍വലിക്കാന്‍ കഴിഞ്ഞില്ല.
സിനിമക്ക് പുറമെ ചാലക്കുടയിലെ സുഹൃത്തുക്കളുമായി ചേര്‍ന്ന് നടത്തിയ ദിവ്യതീര്‍ത്ഥം മാസികയുടെ എഡിറ്ററായിരുന്നു. ആദ്യമായി നായകനായി അഭിനയിച്ച ടെലിഫിലിമിന്റെ കഥയും ഇദ്ദേഹത്തിന്റെയായിരുന്നു. മൃതദ്ദേഹം ചാലക്കുടിയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍. സംസ്‌ക്കാരം ശനിയാഴ്ച ഉച്ചതിരിഞ്ഞ് രണ്ട് മണിക്ക് ആലൂവ തോട്ടേക്കാടുകര സെന്റ് ജോണ്‍ മലങ്കര പള്ളിയില്‍ നടക്കും. രാവിലെ പത്ത് മണി മുതല്‍ ഒരു മണി വരെ മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ പൊതുദര്‍ശനത്തിന് വെക്കും.
















