തിരുവന്തപുരം: കോണ്‍ഗ്രസ് മുങ്ങിക്കൊണ്ടിരിക്കുന്ന കപ്പലാണെന്നും ബുദ്ധിയുള്ള നേതാക്കന്മാര്‍ക്ക് കോണ്‍ഗ്രസില്‍ ഇനിയും തുടരാനാകില്ലെന്നും കേന്ദ്രമന്ത്രി വെങ്കയ്യനായിഡു പറഞ്ഞു. കോണ്‍ഗ്രസിന് യാഥാര്‍ത്ഥ്യബോധവും ആശയവും നഷ്ടപ്പെട്ടു. കോണ്‍ഗ്രസില്‍ നിന്ന് ആരെയെങ്കിലും ബിജെപിയില്‍ എത്തിക്കാന്‍ പാര്‍ട്ടി മുന്‍കൈ എടുത്തിട്ടില്ല.
ശശി തരൂര്‍ ബിജെപിയില്‍ ചേരുന്നു എന്നത് ഊഹാപോഹം മാത്രമാണ്. തരൂര്‍ ബുദ്ധിയുള്ള വ്യക്തിയാണ്. രാഷ്‌ട്രീയ വിവേകമുണ്ടോ എന്നത് കാത്തിരുന്നു കാണാം. ന്യൂനപക്ഷങ്ങളെ ബിജെപിയുമായി അടുപ്പിക്കാന്‍ ശ്രമം നടത്തും. എന്നാല്‍ അതിന്റെ പേരില്‍ ന്യൂനപക്ഷ പ്രീണനം നടത്തില്ല. ഭൂരിപക്ഷത്തിനും ന്യൂനപക്ഷത്തിനും തുല്യനീതി ലഭ്യമാക്കുകയാണ് ലക്ഷ്യം. ദേശീയ ജനാധിപത്യ സഖ്യം വിപുലീകരിക്കാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്. ഭൂമിശാസ്ത്രപരമായി രാജ്യത്തിന്റെ 65 ശതമാനവും ഭരിക്കുന്നത് ദേശീയ ജനാധിപത്യ സഖ്യമാണ്. ഇതിന്റെ വ്യാപ്തി കൂട്ടുകയാണ് ഇനിയുള്ള ലക്ഷ്യം.
സ്മാര്‍ട്ട് സിറ്റിയുടെ പ്രഖ്യാപനം ജൂണില്‍ ഉണ്ടാകുമെന്ന് പറഞ്ഞ വെങ്കയ്യ, കേരളത്തിലെ സര്‍ക്കാര്‍ സ്ഥാപനങ്ങളുടെ നിര്‍മ്മാണ ശൈലി മനോഹരമാണെന്നും അഭിപ്രായപ്പെട്ടു. ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍, ഒ രാജഗോപാല്‍ എംഎല്‍എ, മുന്‍ അദ്ധ്യക്ഷന്‍ അഡ്വ. പി എസ് ശ്രീധരന്‍ പിള്ള, ജില്ലാ അദ്ധ്യക്ഷന്‍ അഡ്വ. എസ് സുരേഷ് എന്നിവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
















