പത്തനംതിട്ട: മെഡിക്കല്‍, ഇക്കോ, ആധ്യാത്മിക ടൂറിസം മേഖലകളില്‍ കേരളത്തിന് മുഖ്യപങ്കുണ്ടെന്ന് കേന്ദ്ര ടൂറിസം മന്ത്രി ഡോ.മഹേഷ് ശര്‍മ്മ. പത്തനംതിട്ടയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മെഡിക്കല്‍ ടൂറിസത്തിന്റെയും ആധ്യാത്മിക ടൂറിസത്തിന്റെയും ഹബ്ബായി കേരളം മാറുന്നു.
കേന്ദ്രസര്‍ക്കാരിന്റെ ആരോഗ്യ, സൗഖ്യനയം പ്രഖ്യാപിച്ചു. കേരളമാണ് ഇതിന്റെ പ്രധാന ഗുണഭോക്താക്കള്‍. ആയുര്‍വ്വേദത്തിന്റെ സാധ്യതകള്‍ കേരളത്തിന് പ്രയോജനപ്പെടുത്താം. കേന്ദ്രസര്‍ക്കാരിന്റെ വെബ്സൈറ്റ് വഴി രജിസ്റ്റര്‍ ചെയ്ത് ലോകത്ത് എവിടെയുമുള്ള വ്യക്തികള്‍ക്ക് ചികില്‍സയും മറ്റും ഉറപ്പാക്കാം. ഇതിന് പദ്ധതിയില്‍ അംഗങ്ങളായി വരണം. കേരളത്തില്‍ ശാന്തിഗിരി അംഗമായി.
അന്തര്‍ദേശീയ ട്രാവല്‍ ആന്റ് ടൂറിസം ഇന്‍ഡക്സില്‍ ഇന്ത്യ 25 പോയിന്റിന്റെ മുന്നേറ്റമാണ് കഴിഞ്ഞ മൂന്നു വര്‍ഷം കൊണ്ട് നേടിയത്. ഈ നേട്ടത്തില്‍ കേരളം നിര്‍ണ്ണായകമായ പങ്കാണ് വഹിച്ചത്. കഴിഞ്ഞവര്‍ഷം 12 പോയിന്റാണ് ഇന്ത്യക്കു ലഭിച്ചത്. അമേരിക്ക രണ്ടു പോയിന്റും സിങ്കപ്പൂര്‍ നാല് പോയിന്റും ചൈന ആറ് പോയിന്റും ആണ് നേടിയത്. വിനോദ സഞ്ചാര മേഖലയില്‍ ലോകരാജ്യങ്ങളുടെ മൊത്തം വളര്‍ച്ച 4.6 ശതമാനമായപ്പോള്‍ ഭാരതം 10.6 ശതമാനം വളര്‍ച്ചയാണ് കൈവരിച്ചത്. വിനോദ സഞ്ചാര മേഖലയില്‍ കഴിഞ്ഞ വര്‍ഷം ഒരു ലക്ഷത്തി അമ്പത്തയ്യായിരം കോടി രൂപയുടെ വരുമാനമാണ് രാജ്യം നേടിയത്.
2015-2017 വര്‍ഷക്കാലത്ത് 291 കോടി രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ പത്തനംതിട്ട, ഗവി, വാഗമണ്‍, തേക്കടി, ശബരിമലയടക്കമുള്ള മേഖലകളുടെ വികസനത്തിനായി അനുവദിച്ചത്. ഈ മേഖലകളിലെ പദ്ധതികള്‍ പ്രാവര്‍ത്തികമാക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണ്. ഈ പദ്ധതികള്‍ക്കുള്ള തുകയുടെ ഇരുപതു ശതമാനവും അനുവദിച്ചിട്ടുണ്ട്. ശബരിമലയെ ദേശീയതീര്‍ത്ഥാടന കേന്ദ്രമാക്കാന്‍ സംസ്ഥാന സര്‍ക്കാരാണ് ശുപാര്‍ശ നല്‍കേണ്ടത്. അത് ലഭിച്ചാല്‍ ബാക്കി നടപടികള്‍ ആലോചിക്കാമെന്നും അദ്ദേഹം പറഞ്ഞു.
ബിജെപി സംസ്ഥാന ട്രഷറര്‍ കെ.ആര്.പ്രതാപചന്ദ്രവര്‍മ്മ, വൈസ് പ്രസിഡന്റ് അഡ്വ.ജോര്‍ജ് കുര്യന്, വക്താവ് ജെ.ആര്.പത്മകമാര്‍, സംസ്ഥാന സമിതിയംഗം ടി.ആര്.അജിത്കുമാര്‍, പത്തനംതിട്ട ജില്ലാ പ്രസിഡന്റ് അശോകന് കുളനട, കോട്ടയം ജില്ലാ പ്രസിഡന്റ് എന്‍.ഹരി എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: