തിരുവനന്തപുരം: അഫ്ഗാനിസ്ഥാനില്‍ യുഎസ് സൈന്യം നടത്തിയ ബോംബാക്രമണത്തില്‍ തൊണ്ണൂറിലധികം ഐഎസ് ഭീകരര്‍ കൊല്ലപ്പെട്ട വാര്‍ത്ത പുറത്തുവന്നതുമുതല്‍ തിരുവനന്തപുരം ആറ്റുകാല്‍ സ്വദേശി നിമിഷയുടെ കുടുംബവും ആശങ്കയില്‍. ആക്രമണത്തില്‍ മരിച്ച കാസര്‍കോട് സ്വദേശിക്കൊപ്പമാണ് നിമിഷയും ഭര്‍ത്താവ് ബെക്‌സനും പോയതെന്നാണ് എന്‍ഐഎ വൃത്തങ്ങള്‍ സൂചിപ്പിച്ചിരുന്നത്.
2016 മെയ് 17 നാണ് നിമിഷയും ഭര്‍ത്താവും ഐഎസില്‍ ചേരാന്‍ ശ്രീലങ്കയിലേക്ക് പോയതെന്നാണ് വിവരം. അതിനു മുമ്പ് നിമിഷ ഫാത്തിമയായും ബെക്‌സന്‍ ഇസയായും മതപരിവര്‍ത്തനം നടത്തി. അന്നുമുതല്‍ നിമിഷ കുടുംബവുമായി ബന്ധപ്പെട്ടിട്ടില്ല. 2016 ജൂലൈ 8ന് ഇവര്‍ രാജ്യം വിട്ടുവെന്നും അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. നവംബര്‍ 16 ന് നിമിഷയുടെ ഭര്‍ത്താവ് ബെക്‌സന്‍ നിമഷയുടെ കുടുംബത്തെ വിളിച്ചിരുന്നു. കിഴക്കന്‍ അഫ്ഗാനിസ്ഥാനിലെ പാക്ക് അതിര്‍ത്തിക്കു സമീപം നന്‍ഗഹര്‍ പ്രവിശ്യയിലാണെന്നാണ് അന്ന് ലഭിച്ച വിവരം. ഇരുവരും രണ്ട് ക്യാമ്പുകളിലാണെന്നും പറഞ്ഞിരുന്നു. ഇതായിരുന്നു നിമിഷയുടെ കുടുംബവുമായുള്ള ഏകസംഭാഷണം. പിന്നീട് ഒരു വിവരവും ഇവരെ കുറിച്ച് ലഭിച്ചിരുന്നില്ല.
ഇതിനിടയില്‍ ആഗസ്ത് 22 ന് ബെക്‌സന്റെ അനുജന്‍ ബെസ്റ്റിന്‍ നിമിഷയ്‌ക്കും ബെക്‌സനും പെണ്‍കുഞ്ഞ് ജനിച്ചെന്ന് അച്ഛനെ വിളിച്ച് അറിയിച്ചിരുന്നു. ബെസ്റ്റിനും ഭാര്യ മെറിനും അവരോടൊപ്പം ഉണ്ടെന്നാണ് കരുതുന്നത്. ഇവര്‍ താമസിക്കുന്നു എന്ന് പറഞ്ഞ സ്ഥലത്താണ് കഴിഞ്ഞദിവസം അമേരിക്കയുടെ ബോംബാക്രമണം നടന്നത്. എന്‍ഐഎയുടെ അന്വേഷണത്തില്‍ ഇവര്‍ എവിടെയാണെന്ന് കണ്ടെത്താനായിട്ടല്ല. നിമിഷ വീട്ടിലേക്ക് മടങ്ങിവരുമെന്ന പ്രതീക്ഷയിലാണ് കുടുംബം.
















