നെടുമ്പാശ്ശേരി: കൊച്ചി അന്താരാഷ്‌ട്ര വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. അനധികൃതമായി കടത്താന്‍ ശ്രമിച്ച 26 ലക്ഷം രൂപയുടെ സ്വര്‍ണവുമായി യുവതി കസ്റ്റംസിന്റെ പിടിയിലായി. ന്യൂ മാഹി സ്വദേശിനി ഷെബീന (32)ആണ് കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് വിഭാഗത്തിന്റെ പിടിയിലായത്.
വെള്ളിയാഴ്‌ച്ച രാവിലെ ജി 9 – 425 നമ്പര്‍ എയര്‍ അറേബ്യ വിമാനത്തിലാണ് യുവതി നെടുമ്പാശേരിയിലെത്തിയത്. ഇംഗ്ലീഷ് അക്ഷരങ്ങളായ ഇ, ഐ എന്നിവയുടെ മാതൃകയില്‍ തയ്യാറാക്കിയ 49 പ്‌ളേറ്റുകള്‍ വാട്ടര്‍ ഹീറ്ററിനകത്തും ട്രാന്‍സ്‌ഫോമറിനകത്തും കുട്ടികളുടെ കളിപ്പാട്ടത്തിനകത്തുമാക്കി ബാഗില്‍ ഒളിപ്പിച്ചിരിക്കുകയായിരുന്നു. പിടിച്ചെടുത്ത സ്വര്‍ണത്തിന് 931.150 ഗ്രാം തൂക്കമുണ്ട്.
ഷാര്‍ജയില്‍ ഭര്‍ത്താവിനൊപ്പം സൂപ്പര്‍മാര്‍ക്കറ്റില്‍ ജീവനക്കാരിയായ ഷെബീന മൂന്ന് വര്‍ഷത്തെ ഇടവേളക്ക് ശേഷം നാട്ടിലുള്ള മകനെയും കുടുംബത്തെയും കാണാന്‍ വരുന്നതിനിടെയാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.
















